പെരുമ്പുന്നയിലെ സ്റ്റേഷനറി കടയിൽഎക്‌സൈസ് റെയ്ഡ്; നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

പേരാവൂർ: മുരിങ്ങോടി പെരുമ്പുന്ന ജംഗ്ഷനിലെ നാസിൽ സ്റ്റോഴ്‌സിൽ നിന്ന് പേരാവൂർ എക്‌സൈസ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. എക്‌സൈസ് ഇൻസ്‌പെക്ടർ കെ .ശശിയുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ 54 പായ്ക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങൾ (750 ഗ്രാം ഹാൻസ്, കൂൾ ലിപ്) കണ്ടെത്തി കോട്പ നിയമപ്രകാരം രണ്ടുപേർക്കെതിരെ കേസടുത്തു. കടയുടമ സി.സൗമീർ , വില്പനക്കാരൻ കെ.സുജീർ എന്നിവർക്കെതിരെയാണ് കേസെടുത്തത്.
നിരോധിത പുകയില ഉത്പന്ന വില്പന നടത്തിയ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ കൈക്കൊള്ളാൻ പേരാവൂർ പഞ്ചായത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടർ റിപ്പോർട്ട് നൽകും.
നാസിൽ സ്‌റ്റോഴ്‌സിൽ വിദ്യാർത്ഥികൾക്കുൾപ്പെടെ വ്യാപകമായി പുകയില ഉല്പന്നങ്ങൾ വില്പന നടത്തുന്നതായി കണ്ണൂർ എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിന് ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.