ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽ.ഐ.സി.) ഗോൾഡൻ ജൂബിലി ഫൗണ്ടേഷൻ, സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർക്ക് വിവിധ തലങ്ങളിലെ ഉന്നതപഠനത്തിന് നൽകുന്ന എൽ.ഐ.സി. ഗോൾഡൻ ജൂബിലി സ്കോളർഷിപ്പിന് അപേക്ഷിക്കാം. ജനറൽ സ്കോളർഷിപ്പ്, സ്പെഷ്യൽ സ്കോളർഷിപ്പ് ഫോർ ഗേൾ ചൈൽഡ് എന്നിങ്ങനെയാണ് സ്കോളർഷിപ്പുകൾ.
യോഗ്യത
പത്താം ക്ലാസ് ജയിച്ചശേഷം, വൊക്കേഷണൽ/ഡിപ്ലോമ കോഴ്സിനു പഠിക്കുന്നവർ, പന്ത്രണ്ടാം ക്ലാസ് (റെഗുലർ/വൊക്കേഷണൽ/ഡിപ്ലോമ) കഴിഞ്ഞ് മെഡിസിൻ, എൻജിനിയറിങ്, ഏതെങ്കിലും വിഷയത്തിൽ ഗ്രാജ്വേഷൻ, ഇൻറഗ്രേറ്റഡ് കോഴ്സ്, ഏതെങ്കിലും മേഖലയിലെ ഡിപ്ലോമ കോഴ്സ്/തത്തുല്യ കോഴ്സ്, വൊക്കേഷണൽ കോഴ്സ് തുടങ്ങിയവയിൽ പഠിക്കുന്നവർ എന്നിവർക്ക് ജനറൽ സ്കോളർഷിപ്പിന് അപേക്ഷിക്കാം.
പത്താം ക്ലാസ് കഴിഞ്ഞ് ഇൻറർമീഡിയറ്റ്/ 10+2/വൊക്കേഷണൽ/ഡിപ്ലോമ കോഴ്സിൽ പഠിക്കുന്ന പെൺകുട്ടികളെ സ്പെഷ്യൽ സ്കോളർഷിപ്പ് ഫോർ ഗേൾ ചൈൽഡിന് പരിഗണിക്കും.
ഇരുവിഭാഗങ്ങൾക്കുമുള്ള പൊതു വ്യവസ്ഥകൾ: (i) യോഗ്യതാ കോഴ്സ്, മൊത്തത്തിൽ 60 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡ് നേടി, 2022-’23 അധ്യയന വർഷത്തിൽ ആയിരിക്കണം ജയിച്ചത്. 2023-’24-ലെ തുടർപഠനം ഗവൺമെൻറ് അംഗീകൃത കോളേജുകൾ/സ്ഥാപനങ്ങൾ എന്നിവയിലോ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിലോ (ഐ.ടി.ഐ.കൾ) ആയിരിക്കണം. രക്ഷിതാക്കളുടെ വാർഷിക കുടുംബവരുമാനം എല്ലാ ശ്രോതസ്സുകളിൽ നിന്നുമുള്ളത്, രണ്ടരലക്ഷം രൂപ കവിഞ്ഞിരിക്കരുത്. കുടുംബവരുമാനത്തിന്റെ ഏക ശ്രോതസ്സ് വിധവ/അമ്മ-സിംഗിൾ/ അവിവാഹിത ആയ വനിതയാണെങ്കിൽ വാർഷിക കുടുംബവരുമാനം നാലുലക്ഷം രൂപവരെ ആകാം.
സ്കോളർഷിപ്പ് നിരക്കുകൾ
വ്യവസ്ഥകൾക്കു വിധേയമായി ജനറൽ സ്കോളർഷിപ്പ്, കോഴ്‌സ് കാലയളവിലേക്കും സ്പെഷ്യൽ സ്കോളർഷിപ്പ് രണ്ടുവർഷത്തേക്കും ലഭിക്കും. ഓരോ വർഷവും മൂന്നുഗഡുക്കളായി തുകനൽകും. വാർഷിക തുകയും ഗഡുക്കളും ഇപ്രകാരമാണ്.
മെഡിക്കൽ കോഴ്സ് – പ്രതിവർഷം 40,000 രൂപ (12,000, 12,000, 16,000)
എൻജിനിയറിങ് -30,000 രൂപ (9000, 9000, 12,000)
ഗ്രാജ്വേഷൻ, ഇൻറഗ്രേറ്റഡ് കോഴ്സ്, ഏതെങ്കിലും മേഖലയിലെ ഡിപ്ലോമ/തത്തുല്യ കോഴ്സ്, വൊക്കേഷണൽ കോഴ്സ് -20,000 രൂപ (6000, 6000, 8000)
സ്പെഷ്യൽ സ്കോളർഷിപ്പ് -15,000 രൂപ (4500, 4500, 6000).
സ്കോളർഷിപ്പ് പുതുക്കി ലഭിക്കാനുള്ള വ്യവസ്ഥകൾ വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്. ഒരു കുടുംബത്തിലെ ഒരാൾക്കേ പൊതുവേ സ്കോളർഷിപ്പ് ലഭിക്കൂ. എന്നാൽ, രണ്ടാം അപേക്ഷാർഥി പെൺകുട്ടിയെങ്കിൽ ഒരേ കുടുംബത്തിലെ രണ്ടുപേരെ പരിഗണിച്ചേക്കാം.
അപേക്ഷ: വിജ്ഞാപനം licindia.in -ൽ ഗോൾഡൻ ജൂബിലി സ്കോളർഷിപ്പ് ലിങ്കിൽ ലഭ്യമാണ്. അപേക്ഷ ഇതേ ലിങ്ക് വഴി ജനുവരി 14 വരെ നൽകാം.