അശാസ്ത്രീയ മാലിന്യ സംസ്കരണം ആറു മാസം പിഴ 52 ലക്ഷം

Share our post

കണ്ണൂർ: അശാസ്ത്രീയ മാലിന്യ സംസ്കരണം തടയാനായി രൂപീകരിച്ച ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്, കഴിഞ്ഞ ആറുമാസത്തിനിടെ പിഴയിട്ടത് 52 ലക്ഷം രൂപ. ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്തെ നിയമ ലംഘനങ്ങൾ അന്വേഷിക്കുന്ന

സ്ക്വാഡ് ഗുരുതരവീഴ്ചകളാണ് കണ്ടെത്തിയത്.

കൃത്യമായ മാലിന്യ സംസ്‌കരണം പ്രാവർത്തികമാക്കാത്തതിന് സ്‌കൂൾ, കോളേജ്, ആശുപത്രി, വ്യാപാര സ്ഥാപനങ്ങൾ, പാർക്കുകൾ തുടങ്ങി എല്ലാ മേഖലയിലും പിഴ ചുമത്തിയിട്ടുണ്ട്. മാലിന്യം കൂട്ടിയിട്ട് കത്തിക്കുക, നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉപയോഗിക്കുക, കൃത്യമായ മാലിന്യ സംസ്‌കരണം ഏർപ്പെടുത്താതിരിക്കുക, പുഴകളിലും റോഡരികിലും മാലിന്യം തള്ളുക, ഹരിതകർമസേനയക്ക് മാലിന്യം നൽകാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് സ്ക്വാ‌ഡ് കണ്ടെത്തുന്നത്. സ്‌കൂളുകളിൽ നിരന്തരം നിയമലംഘനം കണ്ടെത്തുന്നുണ്ട്. കടലാസ്, പ്ലാസ്റ്റിക് കവറുകൾ, ഭക്ഷണമാലിന്യം തുടങ്ങിയവ കൂട്ടിക്കലർത്തി സ്‌കൂൾ പരിസരങ്ങളിൽ കുഴിയുണ്ടാക്കി കത്തിക്കുകയാണ് പല സ്‌കൂളുകളും.

അജൈവ മാലിന്യങ്ങൾ കൈമാറാൻ മടി

ഫ്ലാറ്റുകളിൽ ഹരിത കർമ്മ സേന എത്തുന്നുണ്ടെങ്കിലും അജൈവ മാലിന്യങ്ങൾ കൈമാറാൻ താമസക്കാർക്ക് മടിയാണ്. കഴിഞ്ഞാഴ്ച രണ്ട് ഫ്ലാറ്റുകൾക്ക് ജില്ല എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് 5000 രൂപ വീതം പിഴ ചുമത്തി. ദൈനംദിന അജൈവ മാലിന്യങ്ങൾ ഫ്ളാറ്റിൽ സ്ഥാപിച്ചിരിക്കുന്ന ഇൻസിലേറ്ററിലിട്ട് കത്തിക്കുന്നതായും സ്‌ക്വാഡ് കണ്ടെത്തി. തലശേരി ടെമ്പിൾ ഗേറ്റിലെ ശ്രീരോഷ് സീബ്രീസ് ഫ്ളാറ്റ്, മഞ്ഞോടി കണ്ണിച്ചിറയിലെ ഗാർഡൻ അപ്പാർട്ട്‌മെന്റ്സ് എന്നീ ഭവന സമുച്ചയങ്ങൾക്കെതിരെയാണ് നടപടി.

വലിച്ചെറിയലിൽ മാറ്റമില്ല

കീഴല്ലൂർ പഞ്ചായത്തിലെ പനയത്താം പറമ്പിലെ വിജനമായ പ്രദേശത്ത് റോഡരികിൽ വ്യാപകമായി മാലിന്യം തള്ളുന്നുണ്ടെന്ന പരാതിയിൽ മാലിന്യം നിക്ഷേപിച്ച മട്ടന്നൂരിലെ എ ഫോർ അപ്പാർട്ട്‌മെന്റ്‌സ് ഉടമയ്ക്ക് പിഴ ചുമത്തിയിരുന്നു. തെർമോകോൾ, പഴയ വസ്ത്രങ്ങൾ, മദ്യക്കുപ്പികൾ, ബാഗുകൾ തുടങ്ങിയവയാണ് ചാക്കുകളിൽ കെട്ടി റോഡരികിൽ നിക്ഷേപിച്ചത്. നാറാത്ത് പഞ്ചായത്തിൽ ജലാശയത്തിലേക്ക് മലിനജലമൊഴുക്കിയ വിവിധ സ്ഥാപനങ്ങൾക്ക് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിഴ ചുമത്തി. കരുവഞ്ചാൽ പുഴയിൽ മാലിന്യം തള്ളിയതിന് കട്ടക്കൽ ബിൽഡേഴ്‌സ് എന്ന സ്ഥാപനത്തിന് 25000 രൂപ പിഴയീടാക്കിയിരുന്നു.

ഒരുതവണ നിയമലംഘനം കണ്ടെത്തി പിഴ ചുമത്തി താക്കീത് നൽകുന്ന സ്ഥാപനങ്ങൾ വീണ്ടും ആവർത്തിക്കുന്ന സാഹചര്യമുണ്ട് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഉദ്യോഗസ്ഥർ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!