അനുമതി ഇല്ലാതെ സ്ഥാപിക്കുന്ന പ്രചരണ ബോഡുകൾക്കെതിരെ മാർച്ച് ഒന്നുമുതൽ കർശന നടപടി

ഇരിട്ടി : ഹൈക്കോടതിയുടെയും സർക്കാറിൻ്റേയും ഉത്തരവിന്റെ ഭാഗമായി യാത്രാതടസം സൃഷ്ടിക്കുന്ന ബോർഡുകൾക്കും നിരോധിത ഉൽപ്പന്നങ്ങൾ ഉപയോഗിച്ചുകൊണ്ട് നടത്തുന്ന പ്രചരണങ്ങൾക്കെതിരെയും മാർച്ച് ഒന്നുമുതൽ കർശന അടപടികൾ സ്വീകരിക്കാൻ ഇരിട്ടി നഗരസഭ. നഗരസഭയുടെ പരിധിക്കുള്ളിൽ നടത്തുന്ന പരിപാടികൾക്ക് ഏഴ് ദിവസം മുമ്പ് നഗരസഭയുടെ അനുമതിയോടെ മാത്രമേ ബോർഡുകൾ സ്ഥാപിക്കുവാൻ പാടുള്ളു.
പ്രചരണ സാമഗ്രികൾ ഉടൻ തന്നെ സ്വന്തം നിലയിൽ മാറ്റണം. യാത്രയ്ക്കും പൊതു ഗതാഗത്തിനും തടസ്സം വരുത്തുന്ന രീതിയിൽ സ്ഥാപിക്കുന്ന ബോർഡുകൾ, ബാനറുകൾ, കൊടി തോരണങ്ങൾ, മറ്റു പരസ്യങ്ങൾ എന്നിവ മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യും. നിലവിൽ ഇത്തരം പ്രചരണ പരസ്യ ബോർഡുകളോ, കൊടി തോരണങ്ങളോ ഉണ്ടെങ്കിൽ ഫെബ്രുവരി 29നുള്ളിൽ ഇവ സ്വന്തം നിലയിൽ നീക്കം ചെയ്യണമെന്നും നഗരസഭ അറിയിച്ചു.
ഇരിട്ടി നഗരസഭയുടെ മറ്റ് പ്രധാന നിർദ്ദേശങ്ങൾ
* പൊതു കിണറുകൾ, വെയിറ്റിംഗ് ഷെൽട്ടറുകൾ, റോഡുകൾ എന്നിവിടങ്ങളിൽ പെയിൻ്റടിച്ച് പരസ്യം ചെയ്യുന്നത് ഒഴിവാക്കണം.
* നഗരസഭയുടെ അനുമതിയില്ലാതെ യാതൊരു പരസ്യ ബോർഡുകളും പൊതു സ്ഥലങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും സ്ഥാപിക്കാൻ പാടില്ല.
* നഗരസഭയിൽ നടക്കുന്ന എല്ലാ പരിപാടികളും പൂർണ്ണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കണം.
* ടൗണിലെ ഡിവൈഡറിൽ യാതൊരു പ്രചരണ ബോർഡുകളും സ്ഥാപിക്കാൻ പാടില്ല.
* പ്രചരണ ബോർഡുകൾ സ്ഥാപിക്കുമ്പാൾ നഗരത്തിലെ ചെടികൾ നശിപ്പിച്ചാൽ പിഴ ഈടാക്കുന്നതാണ്.
* നിരോധിത വസ്തുക്കൾ ഉപയോഗിച്ചുള്ള പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നവർക്ക് എതിരെ കർശ്ശന നടപടികൾ സ്വീകരിക്കും.
* 100ലധികം ആളുകൾ പങ്കെടുക്കുന്ന എല്ലാ ചടങ്ങുകളും നഗരസഭയിൽ മുൻകൂട്ടി രജിസ്ട്രർ ചെയ്യണം.