ടി.പി. വധക്കേസ് പ്രതിയുടെ വീടിനു സമീപം ബോംബ് പൊട്ടി; കോൺഗ്രസ് പ്രവർത്തകരുടെ വീടിനു മുന്നിൽ റീത്ത്

തലശേരി: ആർ.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയുടെ വീടിനു സമീപം ബോംബ് സ്ഫോടനം. പന്ത്രണ്ടാം പ്രതി ജ്യോതി ബാബുവിന്റെ വീടിന്റെ പരിസരത്തെ ഇടവഴിയിലാണ് ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ സ്ഫോടനം നടന്നത്.
കൊളവല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കുന്നോത്തുപറമ്പ് കടുങ്ങാംപൊയിലിലാണ് സംഭവം. വിചാരണക്കോടതി വെറുതെവിട്ട ജ്യോതി ബാബുവിനെ ഗൂഢാലോചന കുറ്റം ചുമത്തി ഹൈക്കോടതി ചൊവ്വാഴ്ച ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. സി.പി.എം കുന്നോത്തുപറമ്പ് മുൻ ലോക്കൽ സെക്രട്ടറി കൂടിയാണ് ജ്യോതി ബാബു.
സ്ഫോടനം നടന്നതിനു പിന്നാലെ ജ്യോതി ബാബുവിന്റെ വീടിന്റെ തൊട്ടടുത്ത പ്രദേശത്തുള്ള ഗ്രാമദീപം വായനശാല രാത്രി തകർക്കപ്പെട്ടു. ടി.വി ഉൾപ്പെടെയുള്ള ഉപകരണങ്ങളും ഫർണിച്ചറുകളും നശിപ്പിച്ച നിലയിലാണ്.
പ്രദേശത്തെ രണ്ട് കോൺഗ്രസ് പ്രവർത്തകരുടെ വീട്ടിൽ റീത്ത് വച്ച സംഭവവുമുണ്ടായി. നിന്റെ നാളുകൾ എണ്ണപ്പെട്ടു എന്നാണ് റീത്തിൽ എഴുതിയിരുന്നത്. കൊളവല്ലൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പിന്നിൽ സി.പി.എമ്മാണെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തി. ടി.പി വധക്കേസ് വിധിക്കു പിന്നാലെ ഉണ്ടായ സംഭവങ്ങൾ പ്രദേശത്ത് ആശങ്ക പരത്തിയിട്ടുണ്ട്.