അശാസ്ത്രീയ റോഡ് പണി നാട്ടുകാർക്ക് യാത്രാദുരിതം

മട്ടന്നൂർ : മട്ടന്നൂർ-മരുതായി-മണ്ണൂർ റോഡ് നിർമാണത്തിന്റെ ഭാഗമായി കല്ലൂർ അമ്പലത്തിന് മുന്നിൽ അശാസ്ത്രീയമായ റോഡ് പണി നാട്ടുകാർക്ക് ദുരിതമാകുന്നതായി പരാതി. 200 മീറ്ററോളം റോഡ് വെട്ടിപ്പൊളിച്ചിട്ട് മാസങ്ങളായി. മെറ്റൽ പോലും ഇടാതെ പണി നിർത്തിവെച്ചിരിക്കുകയാണ്. റോഡ് ഒരു മീറ്ററോളം താഴ്‌ത്തി നിർമിക്കാൻ തീരുമാനിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് പറയുന്നു.
ഈ ഭാഗത്ത് ജല അതോറിറ്റിയുടെ വലിയ പൈപ്പ് കടന്നുപോകുന്നത് ശ്രദ്ധിക്കാതെയാണ് റോഡ് ഇടിച്ചുതാഴ്‌ത്തിയത്. ഇനി പൈപ്പ് മാറ്റാതെ പണി നടത്താൻ കഴിയില്ലെന്ന് പറഞ്ഞ് കരാറുകാർ പണി നിർത്തി. പൈപ്പ് മാറ്റുന്ന കാര്യത്തിൽ ജല അതോറിറ്റി അധികൃതരും പെട്ടെന്ന് നടപടി സ്വീകരിക്കുന്നില്ല. വിവിധ വകുപ്പുകൾ തമ്മിൽ ഏകോപനമില്ലാതെ പെട്ടെന്ന് റോഡ് ഇടിച്ചുതാഴ്ത്തിയതാണ് യാത്രാ ദുരിതത്തിന് ഇടയാക്കിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു.