ലീഗ് കടുത്ത പ്രതിസന്ധിയിൽ: മൂന്നാം സീറ്റ് തീരുമാനം ഇന്ന്

മലപ്പുറം : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് വേണമെന്ന ആവശ്യം കോൺഗ്രസ് തള്ളിയതിൽ മുസ്ലിം ലീഗിന്റെ നിലപാട് ബുധനാഴ്‌ച അറിയാം. കോൺഗ്രസുമായുള്ള ചർച്ചയിലെ വിവരങ്ങൾ പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറും ചൊവ്വ രാവിലെ പാണക്കാട്ടെത്തി സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളെ ധരിപ്പിച്ചു. സീറ്റ് വേണമെന്ന ആവശ്യവുമായി യൂത്ത് ലീഗ് നേതാക്കൾ എത്തിയത് പാർടിയിൽ പുതിയ പ്രതിസന്ധിയുണ്ടാക്കി. മുൻകാലത്ത് രണ്ട് സീറ്റിലെ സ്ഥാനാർഥി നിർണയം ഇത്രയും നീളാറില്ല.
കഴിഞ്ഞദിവസം കോൺഗ്രസുമായുള്ള മൂന്നാംഘട്ട ചർച്ചയിൽ സാദിഖലി തങ്ങൾ ഉണ്ടായിരുന്നില്ല. മൂന്നാം സീറ്റ് ആവശ്യം കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറും പി.എം.എ സലാമും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനോടും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോടും ആവർത്തിച്ചു. പതിവുപോലെ കോൺഗ്രസ് ഇത് തള്ളി. എ.ഐ.സി.സി അംഗീകരിച്ചാൽ രാജ്യസഭാ സീറ്റ് പരിഗണിക്കാമെന്നാണ് വാഗ്‌ദാനം.
ഒറ്റക്ക് മത്സരിക്കണമെന്ന് നേതൃതലത്തിലും സീറ്റുവിഭജനം മാന്യമല്ലെന്ന് അണികളിലും ശക്തമായ വികാരമുണ്ട്. ഈ പശ്ചാത്തലത്തിലാണ് അന്തിമ തീരുമാനമെടുക്കാൻ ചൊവ്വാഴ്‌ച പാണക്കാട്ട് നേതൃയോഗം ചേരാനിരുന്നത്. എന്നാൽ വിദേശത്തായിരുന്ന സാദിഖലി തങ്ങൾ തിരിച്ചെത്താൻ വൈകിയതോടെ യോഗം ബുധനാഴ്‌ചത്തേക്ക് മാറ്റി. ചർച്ചയിലെ വിവരങ്ങൾ നേതാക്കൾ സാദിഖലി തങ്ങളെ അറിയിച്ചു. മൂന്നാമതൊരു സീറ്റ് വേണമെന്നതിൽ കടുത്ത നിലപാടാണ് സാദിഖലി തങ്ങൾക്ക്. രാജ്യസഭാ സീറ്റ് വാഗ്‌ദാനത്തിൽ ലീഗിന് വിശ്വാസമില്ല. ജൂലൈയിലാണ് അടുത്ത ഒഴിവ് വരിക.
പി.വി. അബ്ദുൾ വഹാബിന്റെ രാജ്യസഭാ കാലാവധി അടുത്ത വർഷം കഴിയും. അത് കോൺഗ്രസ് എടുക്കുമെന്ന ആശങ്കയുമുണ്ട്. ഇക്കാര്യങ്ങളെല്ലാം ചർച്ചയായി. ഇതിനിടെയാണ് പാണക്കാട് മുനവറലി തങ്ങളുടെ നേതൃത്വത്തിൽ യൂത്ത്‌ലീഗ് നേതാക്കൾ പൊന്നാനി സീറ്റോ രാജ്യസഭാ സീറ്റോ വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം കോൺഗ്രസിന്റെ കടുംപിടുത്തമാണെന്നാണ് ലീഗ് നേതാക്കൾ പറയുന്നത്. ബുധൻ രാവിലെ പാണക്കാട് നേതൃയോഗം ചേർന്നശേഷം സ്ഥാനാർഥികളെ പ്രഖ്യാപിക്കും.