താജ് മഹോത്സവം; പ്രണയസൗധത്തിന്റെ പശ്ചാത്തലത്തിലെ കലകളുടെ മഹോത്സവം

എല്ലാ സഞ്ചാരികളുടെയും സ്വപ്നങ്ങളിലൊന്നാണ് താജ്മഹല്‍ കാണുക എന്നത്. കണ്ടവര്‍ക്കാകട്ടെ എത്ര കണ്ടാലും മതിവരാത്ത അനുഭൂതിയാണത്. ലോകത്തിന്റെ എല്ല ഭാഗത്തുനിന്നുമുള്ള സഞ്ചാരികള്‍ എല്ലാ സീസണുകളിലും വരുന്ന അപൂര്‍വ ഇടങ്ങളിലൊന്നാണ് താജ്മഹല്‍. ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ നിര്‍മിതി എന്നറിയപ്പെടുന്ന താജ്മഹലില്‍ എല്ലാ വര്‍ഷവും പത്ത് ദിവസത്തെ ഉത്സവം നടക്കാറുണ്ട്. താജ്മഹലും പരിസര പ്രദേശങ്ങളും ഏറ്റവും മനോഹരമായി അണിഞ്ഞൊരുങ്ങുന്ന ഈ ഉത്സവകാലത്തെ താജ്മഹല്‍ സന്ദര്‍ശനം താജ് പ്രേമികള്‍ക്ക് മറക്കാനാകാത്ത ഒരനുഭവമായിരിക്കും. കേരളത്തില്‍ നിന്നുള്ള കലാകാരന്‍മാരും പരിപാടിയില്‍ പങ്കെടുക്കും.
എല്ലാ വര്‍ഷവും താജ്മഹലിനെ കേന്ദ്രീകരിച്ച് ഫെബ്രുവരി 18 മുതല്‍ 27 വരെ നടക്കുന്ന താജ് മഹോത്സവം ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെ അനുഭവിച്ച് അറിയാന്‍ സാധിക്കുന്ന ആഘോഷമാണ്. മൂടല്‍ മഞ്ഞില്‍ നില്‍ക്കുന്ന ഈ പ്രണയസൗധത്തിന്റെ കാഴ്ചകള്‍ തങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം കാണാനായി നിരവധി പേര്‍ ഈ സമയത്ത് എത്താറുണ്ട്. 32ാമത് താജ് മഹോത്സവത്തിനാണ് ഇക്കുറി തുടക്കമായത്.
‘സംസ്‌കൃതിയും സമൃദ്ധിയും’ എന്നതാണ് ഈ വര്‍ഷത്തെ തീം. ഉത്തര്‍പ്രദേശ് ടൂറിസം വകുപ്പാണ് പരിപാടിയുടെ സംഘാടകര്‍. മുഗള്‍ ശൈലിയിലുള്ള ഘോഷയാത്രയും നാടോടി കലാരൂപങ്ങളുടെ അവതരണവും ഇതിന്റെ ഭാഗമായി നടക്കാറുണ്ട്.
താജ് മഹലിന് സമീപത്തെ ശില്‍പഗ്രാമിലാണ് ഈ ആഘോഷങ്ങള്‍ നടക്കുന്നത്. ഇന്ത്യന്‍ സംസ്‌കാരം, മുഗള്‍ ശൈലി, നവാബി ശൈലി എന്നിവ പ്രകടമാകുന്ന കലാപ്രകടനങ്ങളും കരകൗശല പ്രദര്‍ശനവും മഹോത്സവത്തിലുണ്ടാകും. ആനകളുടെയും ഒട്ടകങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ നടത്തുന്ന എഴുന്നെള്ളത്താണ് ഈ മഹോത്സവത്തിന്റെ പ്രധാന ആകര്‍ഷണത. മൈസൂര്‍ ദസറയെ അനുസ്മരിപ്പിക്കുന്നതാണ് പല ചടങ്ങുകളും. 1992 ലാണ് താജ് മഹോത്സവം ആരംഭിക്കുന്നത്.
കരകൗശല വിദഗ്ധരെ പ്രോത്സാഹിപ്പിക്കുകയും അവരുടെ വിവിധ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതും ലക്ഷ്യമിട്ടായിരുന്നു മഹോത്സവം സംഘടിപ്പിച്ചിരുന്നത്.കണ്ണഞ്ചിപ്പിക്കുന്ന കലാസൃഷ്ടികള്‍, രുചികരമായ പാചകരീതികള്‍, നൃത്തം, സംഗീതം തുടങ്ങി ഏത് സഞ്ചാരികളെയും മോഹിപ്പിക്കുന്ന പരിപാടികളാണ് ഇവിടെ അരങ്ങേറുക. പുരാവസ്തുക്കളെ സ്നേഹിക്കുന്നവര്‍ക്ക് അപൂര്‍വമായ പുരാവസ്തുക്കള്‍ വാങ്ങാനും ഇവിടെ അവസരമുണ്ട്.
ആഭരണങ്ങള്‍, പരമ്പരാഗത ശൈലിയിലുള്ള വസ്ത്രങ്ങള്‍, കലാസൃഷ്ടികള്‍, കരകൗശവസ്തുക്കള്‍, പുരാവസ്തുക്കള്‍ തുടങ്ങി ഷോപ്പിങ്ങിന്റെ ഒരു മഹാലോകം കൂടിയാണ് ഇവിടെ ഒരുങ്ങുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്ഷണങ്ങള്‍ രുചിച്ചു നോക്കാനുള്ള അവസരവും താജ് മഹോത്സവിന്റെ ഭാഗമായി സഞ്ചാരികള്‍ക്ക് ലഭിക്കും. മുതിര്‍ന്നവര്‍ക്ക് 50 രൂപയാണ് പ്രവേശന ടിക്കറ്റ് നിരക്ക്. അഞ്ചുവയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കും വിദേശികള്‍ക്കും പ്രവേശനം സൗജന്യമാണ്.