വാനോളം അഭിമാനം: ഗഗന്‍യാന്‍ ദൗത്യത്തിൽ മലയാളിയായ പ്രശാന്ത് നായര്‍

Share our post

തിരുവനന്തപുരം : രാജ്യത്തിന്റെ അഭിമാന ബഹിരാകാശ പദ്ധതിയായ ഗഗന്‍യാന് വേണ്ടിയിലുള്ള ബഹിരാകാശ സഞ്ചാരികളുടെ പേര് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. മലയാളിയായ ബഹിരാകാശ യാത്രികനുള്‍പ്പെടെ നാലുപേരാണ് ഗഗന്‍യാന്‍ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍, ഗ്രൂപ്പ് ക്യാപ്റ്റന്‍ അജിത് കൃഷ്ണന്‍, ഗ്രൂപ്പ് ക്യാപ്റ്റന്‍ അംഗദ് പ്രതാപ്, വിങ് കമാന്റര്‍ ശുബാന്‍ഷു ശുക്ല എന്നിവരാണ് ആ നാലുപേര്‍. ഇതില്‍ മൂന്നുപേരാണ് ഗഗന്‍യാന്‍ പേടകത്തിലേറി ബഹിരാകാശത്തേക്ക് പോകുക. ഇവരുടെ പരിശീലനം പൂര്‍ത്തിയായി.

2025-ൽ ഗഗൻയാൻ ദൗത്യം സാധ്യമാക്കാനാണ് ഐ.എസ്.ആർ.ഒ. ശ്രമിക്കുന്നത്. ഇത് വിജയമായാൽ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് ശേഷം ബഹിരാകാശത്ത് മനുഷ്യനെ എത്തിച്ച് സുരക്ഷിതമായി തിരികെ എത്തിക്കാനുള്ള സാങ്കേതിക വിദ്യ സ്വന്തമായുള്ള രാജ്യമായി ഇന്ത്യ മാറും. ബഹിരാകാശ രംഗത്ത് വലിയ ചുവട് വെപ്പാണ് ഇതിലൂടെ സാധ്യമാകുന്നത്. മാത്രമല്ല ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ബഹിരാകാശ സൂപ്പർ പവറായി രാജ്യം മാറും. 

‘ബഹിരാകാശ സഞ്ചാരികളെ കാണാൻ സാധിച്ചതിലും അവരുമായി സംസാരിക്കാനായതിലും അവരെ രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കാൻ സാധിച്ചതിലും സന്തോഷമുണ്ട്. ഈ നാല് പേരുകൾ നാല് മനുഷ്യർ മാത്രമല്ല 140 കോടി ജനങ്ങളുടെ അഭിലാഷങ്ങളെ ബഹിരാകാശത്തെത്തിക്കുന്ന നാല് ശക്തികളാണ്. 40 വർഷങ്ങൾക്കുശേഷം ഭാരതീയൻ ബഹിരാകാശത്തേക്ക് പോകുകയാണ്. ഇത്തവണ, സമയം നമ്മളുടേതാണ്, കൗണ്ട് ഡൗൺ നമ്മുടേതാണ്, റോക്കറ്റും നമ്മുടേതാണ്’, പ്രധാനമന്ത്രി പറഞ്ഞു.

സോവിയറ്റ് യൂണിയൻ്റെ റോക്കറ്റിലേറി ആദ്യമായി 1984 ഏപ്രിൽ 2 ന് രാകേഷ് ശർമയെന്ന ഇന്ത്യക്കാരൻ ആദ്യമായി ബഹിരാകാശത്തെത്തിയതിന് ശേഷമുള്ള ഏറ്റവും വലിയ മുന്നേറ്റമാണ് ഗഗൻയാൻ ദൗത്യം. ഗഗൻയാൻ ദൗത്യത്തിനിടയിൽ മനുഷ്യരെ ബഹിരാകാശത്തെത്തിക്കുന്നതിന് പുറമെ നാല് ജീവശാസ്ത്ര പരീക്ഷണങ്ങളും, രണ്ട് ഫിസിക്കൽ പരീക്ഷണങ്ങളും ഈ പേടകത്തിൽ വെച്ച് ഐഎസ്ആർഒ നടത്തും.

ബഹിരാകാശ യാത്രികരെ കയറ്റാതെ, യഥാർഥ ഗഗൻയാൻ ദൗത്യത്തിന്റെ സാഹചര്യങ്ങൾ പരീക്ഷിക്കാനുള്ള ആളില്ലാ ഗഗൻയാൻ പരീക്ഷണം ഈ വർഷം തന്നെ നടന്നേക്കും. യഥാർഥ ദൗത്യത്തിനു മുന്നോടിയായുള്ള അവസാന പ്രധാന പരീക്ഷണം അതാണ്. ഇതിനൊപ്പം ബഹിരാകാശ യാത്രികരെ സഹായിക്കാനുള്ള വ്യോമമിത്ര റോബോട്ടും ഈ ദൗത്യത്തിലുണ്ടാകും. ബഹിരാകാശത്തെ ഗുരുത്വമില്ലാത്ത സാഹചര്യം എങ്ങനെ മനുഷ്യരെ സ്വാധീനിക്കുമെന്നുൾപ്പെടെയുള്ള വിവരങ്ങൾ ഈ ദൗത്യത്തിൽ നിന്ന് ഐ.എസ്.ആർ.ഒ.യ്ക്ക് നേരിട്ട് ലഭിക്കും.

മൂന്ന് ദിവസത്തേക്ക് 400 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിച്ച്, ഭൂമിയിൽ തിരിച്ചെത്തിക്കുന്നതാണ് ഗഗൻയാൻ ദൗത്യം. ബഹിരാകാശ യാത്രികർക്കുള്ള സ്പേസ് സ്യൂട്ടുകൾ, ഗഗൻയാൻ പേടകം, ഭൂമിയിലേക്ക് തിരികെ എത്തുമ്പോൾ ഉണ്ടാകുന്ന ഉയർന്ന താപനില അതിജീവിക്കാനുള്ള സാങ്കേതിക വിദ്യ, പേടകത്തെ സുരക്ഷിതമായി ഇറക്കാനുള്ള പാരച്യൂട്ട്, ഗഗൻയാൻ പേടകത്തിനുള്ളിലെ ലൈഫ് സപ്പോൾട്ട് സംവിധാനം, വിക്ഷേപണത്തിനിടെ അപകടമുണ്ടായാൽ യാത്രികരെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ശേഷി എന്നിവ ഐ.എസ്.ആർ.ഒ സ്വയം വികസിപ്പിച്ചെടുത്തതാണ്.

ഐ.എസ്.ആർ.ഒ.യുടെ ശക്തിയേറിയ റോക്കറ്റായ ജിഎസ്എൽവി മാർക്ക് -3 റോക്കറ്റിനെ മനുഷ്യരെ വഹിക്കാൻ ശേഷിയുള്ളതാക്കി മാറ്റി പരിഷ്‌കരിച്ചിരുന്നു. ഇതിനെ ലോഞ്ച് വെഹിക്കിൾ മാർക്ക് -3 ( എൽവിഎം-3) എന്നാണ് ഇപ്പോൾ വിളിക്കുന്നത്. ഇതിൻ്റെ പരീക്ഷണവും വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഗഗൻയാൻ ദൗത്യത്തിൻ്റെ പുരോഗതി പ്രധാനമന്ത്രി കഴിഞ്ഞ വർഷം വിലയിരുത്തിയിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!