നെല്ലിയോടിയിലും മേമലയിലും കൃഷി നശിപ്പിച്ച കാട്ടാനയെ ഉൾക്കാട്ടിലേക്ക് തുരത്തി

Share our post

കൊട്ടിയൂർ : കൊട്ടിയൂർ പഞ്ചായത്തിലെ നെല്ലിയോടിയിലും മേമലയിലും കൃഷി നശിപ്പിച്ച കാട്ടാനയെ വനം വകുപ്പ് ഉൾക്കാട്ടിലേക്ക് തുരത്തി. കൊട്ടിയൂർ വെസ്റ്റ് സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ സജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള വനപാലകരാണ് കാട്ടാനയെ ഉൾവനത്തിലേക്ക് ഓടിച്ചത്. രാവിലെ ഒൻപതോടെയാണ് കാട്ടാനയെ തുരത്തുന്നതിനുള്ള നടപടി ആരംഭിച്ചത്.

അമ്പായത്തോട് വനാതിർത്തിയോട് ചേർന്നുള്ള കൃഷിയിടത്തിലാണ് കാട്ടാന ഉണ്ടായിരുന്നത്. ഇവിടെയുണ്ടായിരുന്ന തെങ്ങ് കാട്ടാന കുത്തിമറിച്ചു. കാൽപ്പാടുകൾ പിന്തുടർന്ന് പോയാണ് ആനയെ കണ്ടെത്തിയത്. വനപാലകർ പടക്കം പൊട്ടിച്ചാണ് കാട്ടിലേക്ക് കയറ്റിയത്.

രണ്ട് വട്ടം കാട്ടാന വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ തിരിയുകയും ചെയ്തു. ഉച്ചയ്ക്ക് ഒരുമണിയോടെ കാട്ടാനയെ ഉൾക്കാട്ടിലേക്ക് തുരത്താനായി. വീണ്ടും ജനവാസമേഖലയിലേക്ക് എത്തിയാൽ കാടുകയറ്റാനുള്ള നടപടികൾ തുടരുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അഖിലേഷ്, ഷിജിൻ, വാച്ചർമാർ എന്നിവരും കാട്ടാനയെ തുരത്തുന്ന നടപടിയുടെ ഭാഗമായി.

ശനിയാഴ്ചയും ഞായറാഴ്ചയും കാട്ടാന കൃഷിയിടത്തിൽ ഇറങ്ങി കാർഷിക വിളകൾ നശിപ്പിച്ചു.

ശനിയാഴ്ച പുലർച്ചെ നെല്ലിയോടിയിൽ എത്തിയ കാട്ടാന കുലച്ച വാഴകളും തെങ്ങും നശിപ്പിച്ചിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ പ്രദേശവാസികൾ തടഞ്ഞുവയ്ക്കുകയും ചെയ്തിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ഡി.എഫ്.ഒ. യുമായി ഫോണിൽ ചർച്ച നടത്തിയ ശേഷമാണ് ഉദ്യോഗസ്ഥരെ വിട്ടയ്ക്കാൻ പ്രദേശവാസികൾ തയ്യാറായത്.

ഞായറാഴ്ച അമ്പായിത്തോട് മേമലയിലും കാട്ടാന കൃഷി നശിപ്പിച്ചു. വീടിന് ചുറ്റുമുണ്ടായിരുന്ന കൃഷിയാണ് നശിപ്പിച്ചത്. തുടർന്നാണ് കാട്ടാനയെ ഉൾക്കാട്ടിലേക്ക് തുരത്താൻ വനം വകുപ്പ് തീരുമാനിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!