സംസ്ഥാനങ്ങൾക്ക് എഫ്.സി. ഐ വഴി ഇനി അരിയില്ല; സപ്ലൈകോ പ്രതിസന്ധി കൂടും

Share our post

ന്യൂഡല്‍ഹി: എഫ്.സി.ഐ. ഗോഡൗണുകളില്‍ സംഭരിച്ച് പൊതുവിപണി വിൽപ്പന പദ്ധതി (ഒ.എം.എസ്.എസ്.) വഴി സംസ്ഥാനങ്ങളില്‍ വിതരണംചെയ്യുന്ന അരി ഇനിമുതല്‍ സംസ്ഥാനസര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കിട്ടില്ല. ഭാരത് ബ്രാന്‍ഡിൽ രാജ്യത്തെല്ലായിടത്തും വിൽക്കാനായി കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളായ നാഫെഡ്, കേന്ദ്രീയ ഭണ്ഡാര്‍, ദേശീയ സഹകരണ കണ്‍സ്യൂമര്‍ ഫെഡറേഷന്‍ (എന്‍.സി.സി.എഫ്.) എന്നിവയ്ക്ക് അരി കൈമാറണമെന്നുകാട്ടി എഫ്.സി.ഐ. ചെയര്‍മാന് കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ മന്ത്രാലയം കത്തയച്ചു. ‘ഭാരത് ബ്രാന്‍ഡി’ന്റെ പേരിലുള്ള തീരുമാനം കേരളത്തിനും ഇരുട്ടടിയാകും.

ജനുവരി 18-ന് അയച്ച കത്തനുസരിച്ച് ആദ്യഘട്ടത്തില്‍ രണ്ടരലക്ഷം ടണ്‍ അരിയാണ് ഈ ഏജന്‍സികള്‍ക്ക് കൈമാറിയത്. ഇതനുസരിച്ചാണ് കേരളത്തിലടക്കം ഭാരത് ബ്രാന്‍ഡ് അരി വിതരണംചെയ്യുന്നത്. എഫ്.സി.ഐ. ഗോഡൗണ്‍വഴി സംഭരിച്ച് കേരളത്തില്‍ അരി വിതരണം ചെയ്തിരുന്ന സപ്ലൈകോയെയും ഇതുബാധിക്കുമെന്നാണ് കേരളത്തിന്റെ വാദം. സംസ്ഥാനത്തെ പൊതുവിതരണസമ്പ്രദായത്തെയും തീരുമാനം ബാധിച്ചേക്കും.

ആദ്യഘട്ടത്തില്‍ നാഫെഡ് 1.25 ലക്ഷവും കേന്ദ്രീയ ഭണ്ഡാര്‍ എഴുപത്തഞ്ചായിരവും എന്‍.സി.സി.എഫ്. അമ്പതിനായിരവും ടണ്‍ അരിയാണ് സംഭരിക്കാന്‍ നിര്‍ദേശിച്ചത്. ഭാരത് ബ്രാന്‍ഡ് അരി വിൽപ്പന എങ്ങനെയെന്ന് വിശദീകരിച്ചുള്ള രണ്ടാമത്തെ കത്ത് എഫ്.സി.ഐ. ചെയര്‍മാനുപുറമേ മൂന്ന് കേന്ദ്ര ഏജന്‍സികളുടെ എം.ഡി.മാര്‍ക്കും കേന്ദ്ര ഭക്ഷ്യമന്ത്രാലയം ജനുവരി 30-ന് അയച്ചു. എല്ലാവിഭാഗം ഉപഭോക്താക്കള്‍ക്കുമായി അഞ്ചുലക്ഷം ‌ടണ്‍ അരി ഏറ്റെടുത്ത് വിതരണം ചെയ്യാനും ആദ്യഘട്ടത്തില്‍ രണ്ടരലക്ഷം ഇത്തരത്തില്‍ ഏറ്റെടുക്കാനുമാണ് നിര്‍ദേശം. മാര്‍ച്ച് 31വരെയാണിത്.

ഇതിന് കിലോഗ്രാമിന് 24 രൂപ വില കണക്കാക്കി. അതില്‍ കിലോഗ്രാമിന് 5.41 രൂപ കേന്ദ്രംതന്നെ മൂന്ന് ഏജന്‍സികള്‍ക്കും സബ്സിഡി ഇളവും അനുവദിച്ചു. ഇതനുസരിച്ച് കിലോഗ്രാമിന് 18.59 രൂപ പ്രകാരം ഏജന്‍സികള്‍ക്ക് അരി ഏറ്റെടുക്കാം. ഇതാണ് പരമാവധി 29 രൂപയില്‍ കവിയാത്ത വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് വിതരണംചെയ്യാനുള്ള നിര്‍ദേശം.

സംഭരണത്തിനും മറ്റും ഏജന്‍സികള്‍ക്ക് വേണ്ടിവരുന്ന ചെലവുകൂടി കണക്കാക്കിയാണ് ഈയൊരു തുക കേന്ദ്രം നിശ്ചയിച്ചുനല്‍കിയത്. ജി.എസ്.ടി. അടക്കമുള്ള ചെലവുകളെല്ലാം ചേര്‍ത്താല്‍ 33 രൂപ കൈകാര്യച്ചെലവ് ഏജന്‍സികള്‍ക്ക് വരുമെങ്കിലും 29 രൂപ സബ്സിഡി നിരക്കില്‍ വില്‍ക്കണമെന്ന് നിര്‍ദേശിച്ചതുപ്രകാരമാണ് ഭാരത് അരി അത്തരത്തില്‍ വില്‍ക്കുന്നതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളുടെ വിശദീകരണം.

എഫ്.സി.ഐ.യുടെ പക്കല്‍ സ്റ്റോക്കുള്ള അസംസ്കൃത അരി മാര്‍ച്ച് 31-നകം ഈ മൂന്ന് ഏജന്‍സികള്‍വഴിമാത്രം വിതരണംചെയ്യാനാണ് നിർദേശം. ഭാരത് അരിയായി ഇപ്പോള്‍ വില്‍ക്കുന്നത് വെള്ള അരിയാണെങ്കിലും ചുവന്ന അരിയും എഫ്.സി.ഐ.കളിലുണ്ട്. അതും മറ്റ് ഏജന്‍സികള്‍ക്ക് കിട്ടാത്ത സ്ഥിതിയാണെന്ന് സംസ്ഥാനസര്‍ക്കാര്‍വൃത്തങ്ങള്‍ പറയുന്നു.

സപ്ലൈകോയ്ക്ക്‌ തിരിച്ചടി

നിലവിലെ രീതിയനുസരിച്ച് എഫ്.സി.ഐ. ഗോഡൗണുകളില്‍ സംഭരിക്കുന്ന അരിക്ക് കേന്ദ്രം ടെന്‍ഡര്‍ ക്ഷണിക്കുമ്പോള്‍ സപ്ലൈകോ അടക്കം ടെന്‍ഡറില്‍ പങ്കെടുത്ത് അരി ലഭ്യമാക്കുമായിരുന്നു. ഓരോമാസവും ഇത്തരത്തില്‍ ചെയ്തുപോന്ന രീതിക്കാണ് പൊടുന്നനെ കേന്ദ്രം മാറ്റംവരുത്തിയത്. ഇതാണ് തിരിച്ചടിയായതും. ലോക്‌സഭാതിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് കേന്ദ്രനീക്കമെന്നാണ് കേരളത്തിന്റെ ആക്ഷേപം. 18.59 രൂപയ്ക്ക് അരി തങ്ങള്‍ക്കുകിട്ടിയാല്‍ 22 രൂപയ്ക്ക് വിറ്റ് കാണിച്ചുതരാമെന്നാണ് കേരള ഭക്ഷ്യവകുപ്പിന്റെ അവകാശവാദം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!