മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് ഒരു മാസം നൽകേണ്ടത് 14180 രൂപ; മാഹി ബൈപാസിൽ ടോൾ നിരക്കായി

കണ്ണൂർ: വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം യാഥാർഥ്യമാകുന്ന മാഹി -മുഴപ്പിലങ്ങാട് ബൈപാസിലൂടെയുള്ള യാത്രക്ക് വാഹനങ്ങളുടെ ടോൾ നിരക്ക് നിശ്ചയിച്ചു. കാർ, ജീപ്പ്, വാൻ തുടങ്ങിയ ചെറു സ്വകാര്യവാഹനങ്ങൾക്ക് 65 രൂപ ടോൾ നൽകണം. ഇരുവശത്തേക്കും 100 രൂപ നൽകിയാൽ മതി. ഒരുമാസത്തേക്ക് 2195 രൂപ വേണം.
പരമാവധി 50 യാത്രകൾ അനുവദിക്കും. രണ്ട് ആക്സിൽ വരെയുള്ള ബസുകൾക്കും ലോറിക്കും ഒരു വശത്തേക്ക് 225 രൂപയും രണ്ടുവശത്തേക്ക് 335 രൂപയും നൽകണം. ഹെവി വാഹനങ്ങൾ, വൻകിട കൺസ്ട്രഷൻ മെഷിനറികൾ, മൾട്ടി ആക്സിൽ വാഹനങ്ങൾ എന്നിവക്ക് ഒരു വശത്തേക്ക് 425 രൂപയും രണ്ടു വശത്തേക്ക് 640 രൂപയും നൽകേണ്ടി വരുമ്പോൾ ഒരു മാസത്തേക്ക് നൽകേണ്ടത് 14180 രൂപയാണ്.
പ്രാദേശിക യാത്രക്കാർക്ക് ടോൾ നിരക്കിൽ ഇളവുണ്ട്. ടോൾ പ്ലാസക്ക് 20 കി.മീറ്റർ ചുറ്റളവിലുള്ള സ്വകാര്യ വാഹനങ്ങൾക്ക് മാസം 330 രൂപക്ക് പാസ് ലഭിക്കും.
ഉത്തരേന്ത്യ ആസ്ഥാനമായ സ്ഥാപനത്തിനാണ് ടോൾ പിരിക്കാനുള്ള കരാർ. കൊളശ്ശേരിക്ക് സമീപമാണു ടോൾ പ്ലാസ. നാലു വരികളായി വാഹനങ്ങൾക്കു ടോൾ നൽകി കടന്നുപോകാൻ സൗകര്യമുണ്ട്. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി കല്യാശ്ശേരിയിൽ ടോൾ പ്ലാസ ഒരുങ്ങുന്നുണ്ട്. 60 കിലോമീറ്റർ പരിധിയിൽ ഒരു ടോൾ പിരിവെന്നാണ് നയം. ആറുവരി ദേശീയപാത നിർമാണം പൂർത്തിയായാൽ മാഹി ബൈപാസിലെ ടോൾ പിരിവ് ഒഴിവായേക്കും.
നിരക്ക്
വാഹനങ്ങൾ- ഒരുവശത്തേക്കുള്ള നിരക്ക് -തിരിച്ചുള്ള യാത്ര ഉൾപ്പെടെ -ഒരുമാസത്തെ പാസ്
കാർ, ജീപ്പ്, ചെറു സ്വകാര്യവാഹനങ്ങൾ -65 -100 -2195
ചെറു കൊമേഷ്യൽ, ഗുഡ്സ് വാഹനങ്ങൾ, മിനി ബസ് 105 -160 -3545
ബസ്, ട്രക്ക് (രണ്ട് ആക്സിൽ) 225 – 335 -7430
കൊമേഷ്യൽ വാഹനങ്ങൾ (മൂന്ന് ആക്സിൽ) 245 -365 – 8105
ഹെവി വാഹനങ്ങൾ, വൻകിട കൺസ്ട്രഷൻ മെഷിനറികൾ, മൾട്ടി ആക്സിൽ വാഹനങ്ങൾ -425 -640 -14180