ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര മണ്ഡലമായി തളിപ്പറമ്പ്

Share our post

കണ്ണൂർ: സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര മണ്ഡലമായി തളിപ്പറമ്പ്. തളിപ്പറമ്പ് മണ്ഡലത്തിലെ മുഴുവൻ പേരെയും ഡിജിറ്റൽ സാക്ഷരതയുള്ളവരാക്കുക എന്ന ലക്ഷ്യത്തോടെ മണ്ഡലം എം.എൽ.എ. എം.വി.ഗോവിന്ദൻ്റെ നേതൃത്വത്തിൽ ആരംഭിച്ച ‘ഇടം’ (Educational and Digital Awareness Mission) പദ്ധതിയിലൂടെയാണ് മണ്ഡലം സമ്പൂർണ സാക്ഷരത കൈവരിച്ചത്.

മണ്ഡലത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ നടപ്പാക്കുന്ന പദ്ധതിയ്ക്ക് ആവശ്യമായ മൊഡ്യൂളുകളും, മാസ്റ്റര്‍ ട്രെയിനര്‍ പരിശീലനവും ഡിജിറ്റല്‍ റിസോഴ്‌സുകളും തയ്യാറാക്കിയത് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കൈറ്റാണ്. സംസ്ഥാന സാക്ഷരതാ മിഷന്‍, കുടുംബശ്രീ പോലെ നിരവധി പങ്കാളികള്‍ ‘ഇടം’ പദ്ധതിക്കുണ്ട്. പദ്ധതി പൂര്‍ത്തിയാക്കി തളിപ്പറമ്പ് മണ്ഡലത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷര മണ്ഡലമായി 2024 ഫെബ്രുവരി 24-ന് വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിക്കും. ചടങ്ങില്‍ പട്ടികജാതി-പട്ടികവര്‍ഗ ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്യും. മണ്ഡലം എം.എല്‍.എ എം.വി.ഗോവിന്ദന്‍ അധ്യക്ഷത വഹിക്കും.

2023 മെയ് 2-ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും വാര്‍ഡ്/ഡിവിഷന്‍ തിരിച്ചും പൊതുവായും സംഘാടക സമിതികള്‍ സജീവമായി. കൈറ്റ് തയ്യാറാക്കിയ പ്രത്യേക സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് 3213 സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ പഠിതാക്കളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയത്. 52230 പഠിതാക്കള്‍ രജിസ്റ്റര്‍ ചെയ്തു.

3432 പരിശീലകര്‍ പദ്ധതിയുടെ ഭാഗമായി. മണ്ഡലത്തിലെ വിവിധ തദ്ദേശഭരണ സ്ഥാപനങ്ങളും സ്‌കൂളുകള്‍, വായനശാലകള്‍, അയല്‍ക്കൂട്ടങ്ങള്‍, വീടുകള്‍ തുടങ്ങിയവയെല്ലാം ഡിജിറ്റല്‍ മീഡിയാ സാക്ഷരതാ പദ്ധതിയുടെ ‘ഇട’ങ്ങളായി മാറി. കൈറ്റ് തയ്യാറാക്കിയ www.edam.kite.kerala.gov.in എന്ന ‘ഇടം’ വെബ്‌സൈറ്റ് വഴി എല്ലാ പ്രവര്‍ത്തനങ്ങളുടേയും മോണിറ്ററിംഗ് ഉള്‍പ്പെടെയുള്ള ഏകോപനം സാധ്യമാക്കി. സൈറ്റില്‍ വിവിധ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കായി തയ്യാറാക്കിയ പ്രത്യേകം പേജുകളില്‍ പഠിതാക്കളുടെ അനുഭവങ്ങളടങ്ങിയ വീഡിയോകളും ലഭ്യമാക്കിയിട്ടുണ്ട്.

പത്തു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 5 മൊഡ്യൂളുകള്‍ ഉപയോഗിച്ചാണ് പരിശീലനം നടത്തിയത്. 2023 സെപ്തംബര്‍ 24-ന് കുറുമാത്തൂര്‍ പഞ്ചായത്താണ് ആദ്യ ഡിജിറ്റല്‍ സാക്ഷര പഞ്ചായത്തായി പ്രഖ്യാപിച്ചത്. പിന്നീട് കുറ്റിയാട്ടൂര്‍, ചപ്പാരപ്പടവ്, പരിയാരം, മയ്യില്‍, മലപ്പട്ടം എന്നീ ഗ്രാമ പഞ്ചായത്തുകള്‍ ഡിജിറ്റല്‍ സാക്ഷര പഞ്ചായത്തുകളായി പ്രഖ്യാപിച്ചു. ആന്തൂര്‍, തളിപ്പറമ്പ് നഗരസഭകള്‍ യഥാക്രമം 12.12.2023നും 20.12.2023-നുമാണ് സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷര നഗരസഭകളായി പ്രഖ്യാപിച്ചത്. 12.02.2024-ന് കൊളച്ചേരി ഗ്രാമ പഞ്ചായത്തിലെ പ്രഖ്യാപനം കൂടെ പൂര്‍ത്തിയായതോടെയാണ് തളിപ്പറമ്പ് മണ്ഡലം സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷര പഞ്ചായത്തായി മാറിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!