കോളയാട് പെരുവയിൽ സ്‌കൂൾ മുറ്റത്ത് കാട്ടുപോത്തിൻ കൂട്ടമെത്തി

കോളയാട്: പെരുവ പാലത്തുവയൽ യു.പി.സ്‌കൂൾ മുറ്റത്ത് കാട്ടുപോത്തിൻ കൂട്ടമെത്തിയത് ജനങ്ങളിൽ പരിഭ്രാന്തി പരത്തി. വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് പത്തോളം കാട്ടുപോത്തുകൾ സ്‌കൂൾ മുറ്റത്തെത്തിയത്. രാവിലെ ഒൻപത് മണിയോടെ കുട്ടികൾ സ്‌കൂളിലേക്ക് വരുന്ന സമയത്താണ് ഇവയെത്തിയത്. നാട്ടുകാർ ഓടിച്ചുവിട്ടതിനാൽ വലിയ അപകടം ഒഴിവായി.ഏകദേശം മുക്കാൽ മണിക്കൂറോളം കാട്ടുപോത്തുകൾ തമ്പടിച്ചു നിന്നിരുന്നു.
കഴിഞ്ഞ ദിവസം രാത്രി ആക്കംമുല സ്വദേശി സനൂപ് വീട്ടിലേക്കു സ്‌കൂട്ടിയിൽ പോകുമ്പോൾ കാട്ടുപോത്തിന്റെ മുന്നിൽ പെട്ടിരുന്നു. വാഹനമുപേക്ഷിച്ച് ഓടിയതിനാൽ രക്ഷപ്പെട്ടു. കാട്ടുപോത്ത് കൊമ്പിൽ തൂക്കി സ്‌കൂട്ടി കാട്ടിലേക്കെറിയുകയും ചെയ്തു.
പെരുവ പ്രദേശത്ത് കാട്ടുപോത്തുകൾ കൂട്ടമായെത്താൻ തുടങ്ങിയിട്ട് മാസങ്ങളായി. കണ്ണവം വനത്തിനകത്തൂടെയുള്ള റോഡിൽ കാട്ടുപോത്തുകൾ നിത്യക്കാഴ്ചയാണ്.കൊമ്മേരി കറ്റിയാടിൽ കാട്ടുപോത്തിന്റെ അക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടിരുന്നു.ജനങ്ങളുടെ ഭീതിയകറ്റാൻ അധികൃതർ തയ്യാറാവുന്നില്ലെന്ന് വാർഡ് മെമ്പർ റോയ് പൗലോസ് പറഞ്ഞു.
നിവേദനങ്ങളും പരാതികളും നിരവധി തവണ വനം വകുപ്പിനും സർക്കാരിനും നല്കിയിട്ടും മനുഷ്യജീവന് അധികൃതർ വിലകല്പിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം.