ആർ. എസ്. എസ്. പ്രചാരകൻ കെ. പുരുഷോത്തമൻ അന്തരിച്ചു

Share our post

കൊച്ചി: മുതിര്‍ന്ന ആര്‍.എസ്.എസ് പ്രചാരകനും ജന്മഭൂമി പത്രത്തിന്റെ മുന്‍ മാനേജിങ് ഡയറക്ടറും മത്സ്യപ്രവര്‍ത്തക സംഘം മുന്‍ സംസ്ഥാന സംഘടന സെക്രട്ടറിയുമായ ആനിക്കാട് കൊടിമറ്റത്ത് കെ. പുരുഷോത്തമന്‍ (74) അന്തരിച്ചു.

എറണാകുളം സുധീന്ദ്ര ആസ്പത്രിയില്‍ പുലർച്ചെ രണ്ടോടെയായിരുന്നു മരണം. ദീർഘകാലം പ്രവർത്തന കേന്ദ്രമാക്കിയിരുന്ന ആർ.എസ്.എസ് സംസ്ഥാന കാര്യാലയമായ എറണാകുളം എളമക്കര മാധവ നിവാസിൽ ശനിയാഴ്ച ഒൻപതു മുതൽ ഭൗതിക ശരീരം പൊതുദർശനത്തിന് വയ്ക്കും.
സംസ്കാരം വൈകിട്ട് അഞ്ചിന് പച്ചാളം പൊതു ശ്മശാനത്തിൽ.

1959ല്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ അദ്ദേഹം 1967 ൽ പ്രചാരകനായി. അഞ്ചരപ്പതിറ്റാണ്ട് പ്രചാരകനായി കൊടുങ്ങല്ലൂര്‍, തലശ്ശേരി, പരവൂര്‍, ഇരിങ്ങാലക്കുട, കണ്ണൂര്‍ എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. 1984ല്‍ കണ്ണൂര്‍ വിഭാഗ് പ്രചാരകായി. തുടര്‍ന്ന് പാലക്കാട്, എറണാകുളം, ശബരിഗിരി, കോഴിക്കോട് വിഭാഗുകളില്‍ പ്രചാരകായി. തുടർന്ന് ആര്‍.എസ്.എസ് സംസ്ഥാന കാര്യാലയ പ്രമുഖായി. 2003ല്‍ ജന്മഭൂമി മാനേജിങ് ഡയറക്ടറായി. 2007 മുതല്‍ 15 വര്‍ഷം മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന സംഘടനാസെക്രട്ടറിയായിരുന്നു .

കോട്ടയം ആനിക്കാട് കൊടിമറ്റത്ത് വെങ്ങാലൂര്‍ കേശവന്‍ നായരുടെയും ആനിക്കാട് കല്ലൂര്‍ കുടുംബാംഗം പാര്‍വതിയമ്മയുടെയും മകനായി 1950 ജനുവരി ഒന്നിനാണ് ജനനം. വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടുബം കണ്ണൂർ പയ്യന്നൂർ ചെറുപുഴയിലേക്കും പിന്നീട് കാസര്‍കോട് രാംദാസ് നഗറിലേക്ക് താമസം മാറ്റിയിരുന്നു. സഹോദരങ്ങൾ: ഓമന, ഗോപകുമാര്‍, വിനയകുമാര്‍, വിനോദ്കുമാര്‍ (സീനിയര്‍ സൂപ്രണ്ട് കെഎസ്ഇബി കാസര്‍കോട്) ഗീതാകുമാരി, ഉഷാകുമാരി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!