കോഴിക്കോട്- മുംബൈ നേരിട്ടുള്ള സര്‍വീസുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

കൊച്ചി: എയര്‍ ഇന്ത്യ എക്‌സ്പ്രസ് കോഴിക്കോട് നിന്നും മുംബൈയിലേക്ക് നേരിട്ടുള്ള പ്രതിദിന വിമാന സര്‍വീസ് ആരംഭിച്ചു. കോഴിക്കോട് നിന്നും പുലര്‍ച്ചെ 1.10നും മുംബൈയില്‍ നിന്നും രാത്രി 10.50നുമാണ് സര്‍വീസുകള്‍. നേരിട്ടുള്ള സര്‍വീസ് ആയതിനാല്‍ രണ്ട് മണിക്കൂറില്‍ താഴെ മാത്രമാണ് യാത്ര സമയം.
ഫെബ്രുവരി 23 പുലര്‍ച്ചെ 1.10നായിരുന്നു മുംബൈയ്ക്കുള്ള ആദ്യ സര്‍വീസ്. കോഴിക്കോട്- മുംബൈ റൂട്ടിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ നേരിട്ടുള്ള ഈ സര്‍വീസിന് വലിയ സ്വീകാര്യതയാണ് പ്രതീക്ഷിക്കുന്നത്.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിലവില്‍ കോഴിക്കോട് നിന്ന് ആഴ്ചയില്‍ 101 അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ട്. എയര്‍ലൈന്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നടത്തുന്നതും കോഴിക്കോട്ട് നിന്നാണ്.
കഴിഞ്ഞ മാസം കോഴിക്കോട് നിന്നും നേരിട്ടുള്ള പ്രതിദിന ബംഗളൂരു സര്‍വീസും എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആരംഭിച്ചിരുന്നു. ഈ സര്‍വീസുകള്‍ക്ക് പുറമേ ബഹ്‌റൈന്‍, കുവൈറ്റ്, മസ്‌ക്കറ്റ്, ദുബായ്, അബുദാബി, ഷാര്‍ജ, ദോഹ, ജിദ്ദ, റിയാദ്, ദമാം തുടങ്ങി 15 സ്ഥലങ്ങളിലേക്കു കൂടി എയര്‍ ഇന്ത്യ എക്‌സ്പ്രസ് കോഴിക്കോട് നിന്നും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ട്. അയോധ്യ, ഡല്‍ഹി, കൊല്‍ക്കത്ത, ഭുവനേശ്വര്‍, ചെന്നൈ തുടങ്ങി 19 ലക്ഷ്യസ്ഥാനങ്ങളിലേക്ക് കോഴിക്കോട് നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വണ്‍-സ്റ്റോപ് ഫ്‌ലൈറ്റ് സര്‍വീസുകളും ലഭ്യമാക്കിയിട്ടുണ്ട്.