പൊന്ന്യത്തങ്കത്തിന് തുടക്കമായി

പൊന്ന്യം : വിനോദ സഞ്ചാരികളെ ആകർഷിക്കാനായി എല്ലാ ജില്ലകളിലും പ്രധാന സ്ഥലങ്ങളിലും പൈതൃക കലാരൂപങ്ങൾ അവതരിപ്പിക്കുന്ന സ്ഥിരം വേദികൾ ഉണ്ടാകണമെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ്കുമാർ പറഞ്ഞു.
കേരളാ ഫോക്ക്‌ലോർ അക്കാദമി, സാംസ്‌കാരിക വകുപ്പ്, കതിരൂർ പഞ്ചായത്ത്, പുല്ലോടി പാട്യം ഗോപാലൻ സ്മാരക വായനശാല എന്നിവ നടത്തുന്ന പൊന്ന്യത്തങ്കം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫോക്ക്‌ലോർ അക്കാദമി ചെയർമാൻ ഒ.എസ്. ഉണ്ണികൃഷ്ണൻ അധ്യക്ഷനായിരുന്നു. സ്പീക്കർ എ.എൻ. ഷംസീർ മുഖ്യാതിഥിയായി. ഗോകുലം ഗോപാലനെ മന്ത്രി ആദരിച്ചു. ഫോക്‌ലോർ സെക്രട്ടറി എൻ.വി. അജയകുമാർ പദ്ധതി വിശദീകരിച്ചു.
എൻ.പി. വിനോദ്കുമാർ, പി.വി. ലവ്‌ലിൻ, റബ്‌കോ ചെയർമാൻ കാരായി രാജൻ, പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ശൈലജ, കതിരൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. സനിൽ, ജില്ലാ പഞ്ചായത്തംഗം മുഹമ്മദ് അഫ്‌സൽ, എം.പി. അരവിന്ദാക്ഷൻ, ലജിഷ, ഒ.വി. മുസ്തഫ എന്നിവർ സംസാരിച്ചു.
വടക്കൻ പാട്ടിലെ കതിരൂർ ഗുരുക്കളും തച്ചോളി ഒതേനനും കുഭം 10, 11 തിയ്യതികളിലാണ് പൊയ്ത്ത് നടത്തി പൊന്ന്യം ഏഴരക്കണ്ടത്തിൽ വീരമൃത്യു വരിച്ചത്. അതിന്റെ ഓർമ്മക്കാണ് പൊന്ന്യത്തങ്കം നടത്തുന്നത്. കടത്തനാട് കെ.പി.സി.ജി.എം. കളരിസംഘം പുതുപ്പണം, ഗുരുകുലം കളരി സംഘം കതിരൂർ എന്നിവരുടെ കളരിപ്പയറ്റ്, ജോർജിയൻ ബാന്റ് എന്നിവയും അരങ്ങേറി. വടകര സർഗ്ഗാലയുടെ പവലിയനും അങ്കത്തിൻ്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മുതൽ പൂരക്കളി.