ഹൈറിച്ച് കേസ്: ഇടപാടുകാരുടെ പണം ക്രിപ്‌റ്റോ കറന്‍സിയാക്കി മാറ്റി

കൊച്ചി: ഓണ്‍ലൈന്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് ബിസിനസ്സുകളുടെ മറവില്‍ 1,157 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ഹൈറിച്ച് ഉടമകള്‍ ഇടപാടുകാരുടെ പണം വന്‍തോതില്‍ ക്രിപ്‌റ്റോ കറന്‍സിയിലേക്ക് മാറ്റി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.
എന്നാല്‍ ക്രിപ്‌റ്റോ കറന്‍സിയില്‍ വ്യാപകമായി നിക്ഷേപമുണ്ടെന്നത് ഹൈറിച്ച് ഉടമ കെ.ഡി. പ്രതാപന്‍ ഇ.ഡി. ചോദ്യം ചെയ്യലില്‍ നിഷേധിക്കുകയാണ്. ബാങ്ക് ഇടപാടുകള്‍ പോലെ ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ കണ്ടെത്തുക ശ്രമകരമാണ്.
ഹൈറിച്ച് ഗ്രൂപ്പിന് ‘എച്ച്.ആര്‍.സി. ക്രിപ്‌റ്റോ’ എന്ന പേരില്‍ ക്രിപ്‌റ്റോ കറന്‍സി ബിസിനസ് ഉണ്ടായിരുന്നു. ഹൈറിച്ച് സ്മാര്‍ടെക്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ക്രിപ്‌റ്റോകറന്‍സിയിലൂടെ വന്‍തോതില്‍ ലാഭമുണ്ടാക്കാമെന്ന് പ്രലോഭിപ്പിച്ച് ഇടപാടുകരില്‍ നിന്നും നിക്ഷേപം ഇവര്‍ സ്വീകരിച്ചിരുന്നു. ഏതാണ്ട് 20 കോടി രൂപയോളം ഇത്തരത്തില്‍ ഹൈറിച്ചിലേക്ക് നിക്ഷേപമായി എത്തിയിട്ടുണ്ട്.
എന്നാല്‍ ഈ പണം ഇവര്‍ ക്രിപ്‌റ്റോ കറന്‍സിക്കായി ഉപയോഗിച്ചിരുന്നില്ലെന്നാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ഇവരുടെ മൊഴികളില്‍ നിന്നും അന്വേഷണസംഘം വിശ്വസിച്ചിരുന്നത്. പക്ഷെ കഴിഞ്ഞ ദിവസം ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ സംബന്ധിച്ച ചില സൂചനകള്‍ ഇ.ഡി. അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈറിച്ച് ഉടമക കെ.ഡി. പ്രതാപനെ വ്യാഴാഴ്ച ചോദ്യം ചെയ്തു.
വലിയ താമസമില്ലാതെ ഹൈറിച്ചിന്റെ ക്രിപ്‌റ്റോ കറന്‍സി സംബന്ധിച്ച വിവരങ്ങളെല്ലാം പുറത്തുവരുമെന്ന് ഇ.ഡി. അന്വേഷണസംഘം വ്യക്തമാക്കി. ക്രിപ്‌റ്റോ കറന്‍സി ഇടപാടുകളുണ്ടെന്നതിന് ശക്തമായ തെളിവ് കിട്ടിയാല്‍ കള്ളപ്പണം വെളുപ്പിക്കലിന് പുറമേ വിദേശ നാണ്യവിനിമയ ചട്ടം (ഫെമ) കൂടി ഈ കേസില്‍ ഉള്‍പ്പെടുത്തിയേക്കും.
അതിനിടെ ഹൈറിച്ച് ഗ്രൂപ്പിന് ഒ.ടി.ടി. പ്ലാറ്റ് ഫോം നാലരക്കോടി രൂപയ്ക്ക് കൈമാറിയ വിജേഷ് പിള്ളയെ തുടര്‍ച്ചയായ മൂന്നാം ദിവസവും അന്വേഷണസംഘം ചോദ്യം ചെയ്തു. വരും ദിവസങ്ങളില്‍ ഈ കേസ് സംബന്ധിച്ച് കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും.