ആകാശവാണിയിലെ ഗീത് മാലയ്ക്ക് പിന്നിലെ സുവർണശബ്ദം, അമീൻ സയാനി അന്തരിച്ചു

ന്യൂഡൽഹി: ആകാശവാണിയിലെ ഗീത് മാല എന്ന ഒറ്റ പരിപാടിയിലൂടെ ഒരു തലമുറയെ ഒന്നടങ്കം സ്വാധീനിച്ച ശബ്ദത്തിന്റെയും അവതരണശൈലിയുടേയും ഉടമ അമീൻ സായനി (91) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
അമീൻ സായനിയുടെ അന്ത്യം മകൻ രജിൽ സായനി സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്കാരച്ചടങ്ങുകൾ വ്യാഴാഴ്ച നടക്കുമെന്നും രജിൽ അറിയിച്ചു.
1932- ഡിസംബർ 21-ന് മുംബൈയിലായിരുന്നു അമീൻ സായനിയുടെ ജനനം. ആകാശവാണിയിൽ ഇംഗ്ലീഷ് ലാംഗ്വേജ് ബ്രോഡ്കാസ്റ്റർ ആയിട്ടായിരുന്നു ഔദ്യോഗികജീവിതം ആരംഭിച്ചത്. ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം ഹിന്ദിയിലേക്ക് മാറി. ഗീത് മാല എന്ന പരിപാടി പ്രക്ഷേപണം ആരംഭിച്ചതോടെയാണ് അമീൻ സായനി ജനപ്രീതിയാർജിച്ചത്. ഇന്ത്യയിൽ റേഡിയോ കൂടുതൽ ജനപ്രിയമാകാനും ഗീത് മാല സഹായിച്ചു.
മധുരമൂറുന്ന ഹിന്ദി ഗാനങ്ങളായിരുന്നു ഗീത് മാലയുടെ സവിശേഷത. ബെഹനോ ഔർ ഭായിയോം (സഹോദരീ സഹോദരന്മാരേ) എന്ന അമീനിന്റെ ആമുഖത്തോടെയെത്തുന്ന സംഗീതപരിപാടി കേൾക്കാൻ ആളുകൾ കാത്തിരിക്കുമായിരുന്നു. ഈ ശൈലി പിന്നീട് പലരും വ്യാപകമായി അനുകരിച്ചു.
ആറുപതിറ്റാണ്ട് നീണ്ടുനിന്ന ഔദ്യോഗികജീവിതത്തിൽ 54,000-ഓളം റേഡിയോ പരിപാടികളാണ് അദ്ദേഹത്തിന്റെ ശബ്ദത്തിൽ പുറത്തുവന്നത്. 19,000-ഓളം പരസ്യങ്ങൾക്കും ജിംഗിളുകൾക്കും ശബ്ദം നൽകി. ചില സിനിമകളിൽ ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഒരു തലമുറയെ ഒന്നടങ്കം റേഡിയോ എന്ന മാധ്യമത്തിലേക്ക് അടുപ്പിച്ച ജനപ്രിയ അവതാരകനാണ് ഇതോടെ ഓർമയായത്.