ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ഇന്ന് കൊടിയേറും

ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ഇന്ന് കൊടിയേറും. ഇന്ന് രാത്രിയോടെ കൊടിയേറുന്ന ഉത്സവം മാര്‍ച്ച് ഒന്നിന് ആറാട്ടോടെയാകും സമാപിക്കുക. ഉത്സവത്തിന്റെ ആദ്യ ദിനമായ ഇന്ന് രാവിലെ ഏഴിന് ആനയില്ലാ ശീവേലിയും ഉച്ചയ്ക്ക് ശേഷം ചരിത്ര പ്രസിദ്ധമായ ആനയോട്ടവും നടക്കും.
ഇക്കുറി പത്ത് ആനകളാണ് ആനയോട്ടത്തില്‍ പങ്കെടുക്കുക. കൊമ്പന്മാരായ ദേവദാസ്, ഗോപീകണ്ണന്‍, രവികൃഷ്ണന്‍ എന്നിവര്‍ മുന്‍നിരയില്‍ നിന്ന് ഓട്ടമാരംഭിക്കും. കരുതലായി ചെന്താമാരാക്ഷനെയും പിടിയാന ദേവിയേയും തിരഞ്ഞെടുത്തു. മഞ്ജുളാല്‍ പരിസരത്ത് നിന്ന് ഓടിയെത്തി ആദ്യം ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന ആനയാകും ജേതാവ്.
ഉത്സവത്തിന്റെ രണ്ടാം ദിവസമായ നാളെ മുതല്‍ തങ്കത്തിടമ്പ് നാലമ്പലത്തിനകത്ത് തെക്ക് ഭാഗത്തും, രാത്രി ചുറ്റമ്പലത്തിലെ വടക്കേ നടയിലും സ്വര്‍ണപഴുക്കാമണ്ഡപത്തില്‍ എഴുന്നള്ളിച്ചുവയ്ക്കും. 29-നാണ് പള്ളിവേട്ട. മാര്‍ച്ച് ഒന്നിന് ആറാട്ടിന് ശേഷം സ്വര്‍ണക്കൊടി മരത്തിലെ സപ്തവര്‍ണക്കൊടി ഇറക്കത്തോടെ ഈ വര്‍ഷത്തെ ഉത്സവം സമാപിക്കും.