തിരുവനന്തപുരം: ഉപയോഗശൂന്യമായ മാലിന്യത്തിൽ നിന്ന് ഇന്ധനം നിർമിക്കാനുള്ള പ്ലാന്റുകൾ തലസ്ഥാനത്ത് സ്ഥാപിക്കുന്നു. കോർപ്പറേഷന്റെ നേതൃത്വത്തിലാണ് പരീക്ഷണാടിസ്ഥാനത്തിൽ സംസ്ഥാനത്തെ ആദ്യ പ്ലാന്റ് സ്ഥാപിക്കുന്നത്. ഇതു വിജയകരമായാൽ മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കും.ന്യൂ ഡൽഹി ആസ്ഥാനമായ കോഗോ എന്ന കമ്പനിയാണ് ആദ്യ പ്ലാന്റ് തലസ്ഥാനത്ത് സ്ഥാപിക്കുന്നത്. ഇതിനുള്ള കരാർ കോർപ്പറേഷനുമായി ഒപ്പിട്ടുകഴിഞ്ഞു. കരാർ സർക്കാരിന്റെ പരിശോധനയ്ക്കായി സമർപ്പിച്ചിരിക്കുകയാണ്. പത്ത് ടൺ ശേഷിയുള്ള പ്ലാന്റാണ് തുടക്കത്തിൽ സ്ഥാപിക്കുന്നത്.
മണക്കാട് മാർക്കറ്റിനുള്ളിലെ പ്ലാസ്റ്റിക് ഷ്രെഡിങ്ങിന് ഉപയോഗിച്ചിരുന്ന കോർപ്പറേഷന്റെ കെട്ടിടമാണ് ആർ.ഡി.എഫ്. പ്ലാന്റിന് ഉപയോഗിക്കുക. വളരെക്കുറച്ച് സ്ഥലം മതി എന്നതാണ് ഈ സങ്കേതികവിദ്യയുടെ പ്രത്യേകത. ഒരു വലിയ ജനറേറ്ററിന്റെ വലുപ്പമുള്ള ഉപകരണമാണ് ഇതിനായി ഉപയോഗിക്കുന്നത്. 1000 ചതുരശ്ര അടി സ്ഥലമാണ് പത്ത് ടണ്ണിന്റെ പ്ലാന്റിനു മാത്രം നൽകിയിരിക്കുന്നത്.
കോർപ്പറേഷനു ചെലവില്ലാത്തവിധം പി.പി.പി. മാതൃകയിലാണ് ആദ്യ പ്ലാന്റ് സ്ഥാപിക്കുന്നത്. രണ്ടരക്കോടിയോളമാണ് പ്ലാന്റിന്റെ ചെലവ്. ഇത് കോഗോ കമ്പനി മുടക്കും. ഉത്‌പാദിപ്പിക്കുന്ന ഇന്ധനം വിറ്റഴിച്ചാണ് ലാഭമുണ്ടാക്കുന്നത്. മൂന്നുമാസത്തെ പരീക്ഷണ നടത്തിപ്പിനുശേഷം കോർപ്പറേഷനുമായി വരുമാനത്തിന്റെ കാര്യത്തിൽ കരാറുണ്ടാക്കും. പ്ലാന്റിന് ആവശ്യമായ മാലിന്യം കോർപ്പറേഷൻ എത്തിച്ചുനൽകും.രണ്ടാമത്തെ ഒരു പ്ലാന്റിന്റെകൂടി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഹാബിറ്റാറ്റാണ് രണ്ടാമത്തെ പ്ലാന്റിന്റെ പദ്ധതി സമർപ്പിച്ചിട്ടുള്ളത്. ഒരു ടൺ മുതൽ അഞ്ച് ടൺ വരെ ശേഷിയുള്ള പ്ലാന്റാണ് രണ്ടാമതായി പരിഗണിക്കുന്നത്.
കത്തുന്ന മാലിന്യമെല്ലാം ഇന്ധനമാക്കാം
ഖരമാലിന്യം 1800 ഡിഗ്രിയോളം ഉയർന്ന താപനിലയിൽ സംസ്കരിച്ച് ഇന്ധനമാക്കി മാറ്റുകയാണ് ചെയ്യുന്നത്.ജ്വലനശേഷിയുള്ള ഈ ഇന്ധനം സിമന്റ് ഫാക്ടറികൾ, വൈദ്യുതി ഉത്‌പാദന പ്ലാന്റുകൾ എന്നിവയ്ക്ക് ഉപയോഗിക്കാം. പരമ്പരാഗത ഫോസിൽ ഇന്ധനങ്ങൾക്കു പകരം വിദേശങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്നവയാണ് ആർ.ഡി.എഫ്.(റെഫ്യൂസ് ഡിറൈവ്ഡ് ഫ്യൂവൽ) എന്ന പേരിലറിയപ്പെടുന്ന ഇന്ധനം.
പുനരുപയോഗിക്കാനാവാത്ത മാലിന്യങ്ങളാണ് ഇന്ധനമാക്കിമാറ്റുന്നത്. ജൈവമാലിന്യങ്ങളും പുനരുപയോഗിക്കാനാവാത്ത സാനിറ്ററി പാഡുകൾ അടക്കമുള്ള എല്ലാ മാലിന്യങ്ങളും സംസ്കരിക്കാം. എന്നാൽ വെള്ളത്തിന്റെ അംശം ഉണ്ടെങ്കിൽ പ്ലാന്റിന്റെ വൈദ്യുത ഉപയോഗം വർധിക്കും. ഇങ്ങനെയുള്ളവ ഉണക്കിയും ഉപയോഗിക്കാം.
റോഡുവക്കുകളിലും പൊതുസ്ഥലങ്ങളിലും കൂടിക്കിടക്കുന്ന മാലിന്യസംസ്കരണത്തിന് പ്ലാന്റ് ഉപയോഗപ്പെടും. പുനരുപയോഗിക്കാനാവാത്ത പ്ലാസ്റ്റിക്കുകൾ, തെർമോക്കോൾ തുടങ്ങി കോർപ്പറേഷൻ ഇപ്പോൾ സംസ്കരിക്കാൻ വെല്ലുവിളി നേരിടുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായും പരിസ്ഥിതിക്കു കോട്ടമില്ലാതെയും സംസ്കരിക്കാം എന്നതാണ് നേട്ടമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.