96.88 കോടി വോട്ടര്‍മാര്‍; ഏറ്റവും വലിയ തിരഞ്ഞെടുപ്പിനൊരുങ്ങി ഇന്ത്യ

Share our post

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ പൊതുതിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കലാണ്. ലോകത്തെ ഏറ്റവുമധികം പേര്‍ പങ്കെടുക്കുന്ന തിരഞ്ഞെടുപ്പും ഇന്ത്യയിലേതാണ്. ഇത്തവണത്തേത് ശരിക്കും ലോകം കാണാന്‍ പോകുന്ന വളരെ വലിയൊരു തിരഞ്ഞെടുപ്പ് തന്നെയായിരിക്കും. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഫെബ്രുവരി ഒന്‍പതിന് പുറത്തുവിട്ട അവസാനകണക്ക് അത് വ്യക്തമാക്കുന്നു.

കമ്മിഷന്റെ കണക്കുപ്രകാരം ഇത്തവണ 96.88 കോടി(96,88,21,926) വോട്ടര്‍മാരുണ്ട്. സ്വാഭാവികമായും ഇതുവരെയുള്ള റെക്കോര്‍ഡ് എണ്ണമാണിത്. വോട്ടര്‍മാരുടെ എണ്ണം കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പു കാലത്തേക്കാള്‍ 6 ശതമാനം കൂടിയിട്ടുണ്ട്. ഇത്തവണ, ഇതുവരെ ആകെ രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരില്‍ 49,72,31,994 പുരുഷന്മാരും 47,15,41,888 സ്ത്രീകളുമാണ്. 2019-ല്‍ 89.6 കോടിയായിരുന്നു 2019 ലെ ആകെ വോട്ടര്‍മാരുടെ എണ്ണം. അഞ്ച് കൊല്ലം കഴിഞ്ഞപ്പോള്‍ വര്‍ധനവ് 7.2 കോടി. പുരുഷന്മാരുടെ എണ്ണം 2019-ല്‍ 46.5 കോടിയായിരുന്നത് ഇപ്പോള്‍ 49.7 കോടിയായി. വനിതകളുടെ എണ്ണം 43.1 കോടിയായിരുന്നത് 47.1 കോടിയായി.

സ്ത്രീകളുടെ പങ്കാളിത്തം കൂടുന്നു

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതില്‍ പുരുഷന്മാരേക്കാള്‍ താല്‍പര്യം ഇപ്പോള്‍ സ്ത്രീകള്‍ കാണിക്കുന്നുണ്ട്. ഇത് ഒരു ജനാധിപത്യ സമ്പ്രദായത്തില്‍ പോസിറ്റീവ് സൂചനയാണെന്ന് കമ്മിഷന്‍ എടുത്തുപറയുന്നു. ഏറ്റവുമൊടുവില്‍ 2.63 കോടി പേര്‍ പട്ടികയില്‍ പുതുതായി പേരു ചേര്‍ത്തിട്ടുണ്ട്. ഇതില്‍ പുരുഷന്മാര്‍ 1.22 കോടിയാണെങ്കില്‍ വനിതകള്‍ 1.41 കോടിയാണ്. ആയിരം പുരുഷന്മാര്‍ക്ക് 940 സ്ത്രീകള്‍ എന്നതായിരുന്നു 2023-ലെ കണക്ക്. ഇപ്പോള്‍ ആയിരം പുരുഷന്മാര്‍ക്ക് 948 എന്ന സ്ഥിതിയിലേക്ക് സ്ത്രീകളുടെ പങ്കാളിത്തം ഉയര്‍ന്നിട്ടുണ്ട്. രാജ്യത്തെ വോട്ടര്‍മാരിലെ സ്ത്രീപുരുഷ വ്യത്യാസം കുറഞ്ഞുകുറഞ്ഞുവരികയാണ് എന്നര്‍ഥം.

മുതിര്‍ന്നവരും നൂറ് പിന്നിട്ടവരും

പുതിയ കണക്കനുസരിച്ച് രാജ്യത്തെ വോട്ടര്‍മാരില്‍ 80 വയസ്സ് പിന്നിട്ട ‘മുതിര്‍ന്ന പൗരന്മാര്‍’ രണ്ട് കോടിക്കടുത്തു വരും (1,85,92,918 പേര്‍). പ്രായത്തില്‍ സെഞ്ച്വറിയടിച്ചവര്‍ അഥവാ നൂറ് വയസ്സ് പിന്നിട്ടവര്‍ 2,38,791 പേരുണ്ട്. വോട്ടര്‍മാരായ ഭിന്നശേഷിക്കാരുടെ എണ്ണത്തിലും എടുത്തുപറയത്തക്ക വര്‍ധനവുണ്ടെന്ന് കമ്മിഷന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച കണക്കിന്റെ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. 2019-ല്‍ വോട്ടര്‍പട്ടികയിലുണ്ടായിരുന്നത് 45.64 ലക്ഷം ഭിന്നശേഷിക്കാരാണ്. ഇത്തവണ അവരുടെ എണ്ണം ഇരട്ടിയോളമായിട്ടുണ്ട്. 88,35,449 ഭിന്നശേഷിക്കാരാണ് ഇത്തവണയുള്ളത്.

യുവത്വം വിടാത്ത പട്ടിക

18 വയസ്സിനും 19 വയസ്സിനും ഇടയിലുള്ള പുതിയ വോട്ടര്‍മാര്‍ 1,84,81,610 പേരാണ്. 20 വയസ്സിനും 29 വയസ്സിനും ഇടയിലുള്ള യുവ വോട്ടര്‍മാര്‍ 19,74,37,160 ആണ്. ഭിന്നലിംഗക്കാരായ വോട്ടര്‍മാരുടെ എണ്ണം 2019-ല്‍ 39,683 ആയിരുന്നത് ഇപ്പോള്‍ 48,044 ആയി വര്‍ധിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!