വാക്ക് തിരഞ്ഞ് മുഷിയേണ്ട; മലയാള നിഘണ്ടുവുമായി മൊബൈൽ ആപ്

കോഴിക്കോട് : പ്രേമലുവും വാലിബനുമാണ് ഈയടുത്ത ദിവസം മലയാളികൾ ഓൺലൈനിൽ ഏറെ തിരഞ്ഞ വാക്കുകൾ. സിനിമയിലോ ജീവിതത്തിലോ ഹിറ്റായ വാക്കുകൾ തിരഞ്ഞ് ഇനി ഇന്റർനെറ്റിൽ അലയണ്ട. മലയാളത്തിനായി സ്വന്തം മൊബൈൽ ആപ് തയ്യാർ. മൂന്ന് ലക്ഷത്തോളം വാക്കുകൾ ഉൾപ്പെടുന്ന മലയാള നിഘണ്ടുവിന്റെ മൊബൈൽ ആപ് ബുധൻ മുതൽ പ്ലേസ്‌റ്റോറിൽ ലഭ്യമാകും. https://malayalanighandu.kerala.gov.in/ എന്നതാണ് ഓൺലൈൻ വിലാസം. കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ടാണ് ലോക മാതൃഭാഷാ ദിനത്തിൽ മലയാള ഭാഷക്ക് സർഗ സമ്മാനമായി പുതുമയാർന്ന മൊബൈൽ ആപ് തയ്യാറാക്കിയത്.
ഇക്‌ഫോസുമായി ( International Centre For Free and Open Source Software) ചേർന്നായിരുന്നു “മലയാള നിഘണ്ടു’ ഓൺലൈൻ നിഘണ്ടു തയ്യാറാക്കൽ. ആദ്യഘട്ടത്തിൽ മൊബൈൽ ആപ്പിൽ മൂന്നുലക്ഷം വാക്കുകൾ ഉൾപ്പെടുത്തി. കോളേജ് അധ്യാപകരും ഗവേഷകരും അടങ്ങിയ സംഘം ശിൽപ്പശാലകളിലൂടെയാണ് ഉള്ളടക്കം തയ്യാറാക്കിയത്. ശബ്ദതാരാവലി, കേരള സർവകലാശാല മലയാളം ലെക്സിക്കൻ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കേരള ഭാഷാ നിഘണ്ടു എന്നിവ ഉപയോഗിച്ചു. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല നേരത്തെ മലയാളം ഓൺലൈൻ നിഘണ്ടു നിർമാണം ആരംഭിച്ചിരുന്നു.
പാതിവഴിയിലായ പദ്ധതിയുടെ ഡാറ്റ മലയാള സർവകലാശാലയിൽനിന്ന് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന് ലഭിച്ചിരുന്നു. അതുൾപ്പെടുത്തിയും നവീകരിച്ചുമാണ് പുതിയ നിഘണ്ടു ഒരുക്കിയത്. ആർക്കും പുതിയ വാക്കുകൾ നിർദേശിക്കാനാവും വിധമാണ് രൂപകൽപ്പന. പ്രാദേശിക മൊഴികൾ, മറ്റു സവിശേഷതകൾ ഇവ സ്വരൂക്കൂട്ടി മൊബൈൽ ആപ് ദൈനം ദിനമെന്നോണം പരിഷ്‌കരിക്കാനാകുമെന്ന് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം സത്യൻ പറഞ്ഞു. വാക്കുകൾ ആർക്കും നിർദേശിക്കാം. എന്നാൽ വിദഗ്‌ധസമിതി പരിശോധിച്ചേ തീരുമാനമെടുക്കൂ. പുതിയ ഭാഷാ ആപ് ബുധനാഴ്‌ച തിരുവനന്തപുരത്ത് മന്ത്രി സജി ചെറിയാൻ ഭാഷാ സ്‌നേഹികൾക്ക് കൈമാറും.