ഗ്രൈന്‍ഡറിൽ തേങ്ങ ചിരകുന്നതിനിടെ ഷാൾ കുരുങ്ങി യുവതി മരിച്ചു

തേങ്ങ ചിരകുന്നതിനിടെ ചുരിദാറിന്റെ ഷാൾ ഗ്രൈൻഡറിൽ കുടുങ്ങി കഴുത്ത് മുറുകി യുവതി മരിച്ചു. ഒറ്റപ്പാലം മീറ്റ്‌ന വിജയമന്ദിരത്തില്‍ രജിതയാണ് (40) മരിച്ചത്. രജിതയും ഭർത്താവ് വിജയരാഘവനും ചേർന്ന് നടത്തുന്ന ഒറ്റപ്പാലം മീറ്റ്നയിലെ ഹോട്ടലിൽ ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. തേങ്ങ ചിരകുന്നതിനിടെ കഴുത്തിലുണ്ടായിരുന്ന ഷാൾ ഗ്രൈൻഡറിൽ കുടുങ്ങുകയായിരുന്നു. ഇതോടെ ഷാൾ കഴുത്തിലും മുറുകി.
സംഭവസമയത്ത് വിജയരാഘവൻ പുറത്ത് പാത്രം കഴുകുകയായിരുന്നു. തിരികെ അകത്തു കയറിയപ്പോഴാണ് രജിതയെ കഴുത്തിൽ ഷാൾ മുറുകിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽക്കഴിയുന്നതിനിടെ തിങ്കളാഴ്ച രാത്രിയോടെയാണ് മരണം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മക്കൾ: അഞ്ജു, മഞ്ജു.