മാലൂർ കുണ്ടേരിപ്പൊയിൽ പാലം ഉദ്ഘാടനം ഇന്ന്

മാലൂർ : ജനങ്ങളുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് പരിഹാരമായി കുണ്ടേരിപ്പൊയിൽ പുഴയിൽ കോട്ടയിൽ നിർമിച്ച പാലം മന്ത്രി മുഹമ്മദ് റിയാസ് ചൊവ്വാഴ്ച രാവിലെ 10.30-ന് ഉദ്ഘാടനം ചെയ്യും.
കെ.കെ. ശൈലജ എം.എൽ.എ. അധ്യക്ഷയാകും. 4.94 കോടി രൂപ ചെലവിട്ട പാലം 60 മീറ്റർ നീളവും 10 മീറ്റർ വീതിയും, ഉണ്ട്. ഒന്നര മീറ്റർ നടപ്പാതയുമുണ്ട്.
പാലം വന്നതോടെ ചിറ്റാരിപ്പറമ്പിൽനിന്ന് മട്ടന്നൂർ വിമാനത്താവളത്തിലേക്കും മാലൂർ, ശിവപുരം, തില്ലങ്കേരി ഭാഗത്തേക്കും എളുപ്പത്തിൽ എത്തിച്ചേരാനാകും.
മട്ടന്നൂർ പഴശ്ശിരാജ കോളേജ്, ഇരിട്ടി എം.ജി. കോളേജ് എന്നിവിടങ്ങളിലേക്ക് വിദ്യാർഥികൾക്ക് എത്തിച്ചേരാനും സൗകര്യമാണ്.
എം.പി.മാരായ കെ. സുധാകരൻ, വി. ശിവദാസൻ, പി. സന്തോഷ് കുമാർ എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളാകും.