വന്യജീവി ആക്രമണം: മന്ത്രി സംഘം ഇന്ന് വയനാട്ടിൽ, രാപ്പകൽ സമരവുമായി യു.ഡി.എഫ്

Share our post

വയനാട്: വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിമാരുടെ സംഘം ഇന്ന് വയനാട്ടിൽ. മന്ത്രിമാരായ കെ. രാജൻ, എം.ബി രാജേഷ്, എ.കെ. ശശീന്ദ്രൻ എന്നിവരാണ് ജില്ലയിൽ എത്തുന്നത്. രാവിലെ 10ന് സുൽത്താൻബത്തേരി മുനിസിപ്പൽ ഹാളിൽ സർവകക്ഷി യോഗം ചേരും. ഉദ്യോഗസ്ഥരുമായും മന്ത്രിമാർ കൂടിക്കാഴ്ച നടത്തും. വന്യജീവി ആക്രമണത്തിനിരയായവരുടെ കുടുംബാംഗങ്ങളെ മന്ത്രിതല സംഘം സന്ദർശിച്ചേക്കും.

വന്യജീവി ആക്രമണം തുടർച്ചയായ പശ്ചാത്തലത്തിൽ യുഡിഎഫിന്റെ രാപ്പകൽ സമരവും ഇന്ന് നടക്കും. രാവിലെ 10ന് കളക്ടറേറ്റിന് മുന്നിൽ കെ. മുരളീധരൻ എം.പി സമരം ഉദ്ഘാടനം ചെയ്യും. മന്ത്രിമാർക്കെതിരെ പരസ്യ പ്രതിഷേധം സംഘടിപ്പിക്കാനാണ് ബി.ജെ.പി.യുടെ തീരുമാനം. അതേസമയം, പുൽപ്പള്ളിയിലെ സംഘർഷവുമായി ബന്ധപ്പെട്ട് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. വരും ദിവസങ്ങളിൽ അറസ്റ്റുകൾ ഉണ്ടാകും.

സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് പൊലീസ് നടപടി. അറസ്റ്റുകൾക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും അക്രമ സംഭവങ്ങളോട് വിട്ടുവീഴ്ച വേണ്ട എന്നാണ് പൊലീസ് നിലപാട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!