പേരാവൂരിൽ പുഴ കയ്യേറി ഭിത്തി കെട്ടാൻ ശ്രമം ; പഞ്ചായത്തധികൃതർ നിർമാണം നിർത്തിച്ചു

പേരാവൂർ: പഞ്ചായത്ത് എട്ടാം വാർഡ് തൊണ്ടിയിൽ കാഞ്ഞിരപ്പുഴ കയ്യേറി കരിങ്കൽ ഭിത്തി കെട്ടാനുള്ള സ്വകാര്യവ്യക്തിയുടെ ശ്രമം പഞ്ചായത്തധികൃതർ ഇടപെട്ട് നിർത്തിവെപ്പിച്ചു. പ്രദേശവാസികൾ പേരാവൂർ പഞ്ചായത്തിൽ നല്കിയ പരാതിയെത്തുടർന്നാണ് ഭിത്തി നിർമാണം നിർത്തിവെപ്പിച്ചത്.
പ്രദേശവാസികളുടെ പരാതിയിന്മേൽ പഞ്ചായത്ത് ക്ലർക്ക് പൊനോൻ രാജീവൻ,സായീപ്രഭ എന്നിവർ സ്ഥലം സന്ദർശിക്കുകയും കയ്യേറ്റമുണ്ടെന്ന് ബോധ്യപ്പെടുകയും ചെയ്തു.ഇതേത്തുടർന്നാണ് നിർമാണപ്രവൃത്തികൾ നിർത്തിവെപ്പിച്ചത്.പുഴ കയ്യേറിയവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു. ഏകദേശം മൂന്ന് മീറ്ററോളം വീതിയിൽ 20 മീറ്ററോളം നീളത്തിൽ പുഴ കയ്യേറി കല്ലുകെട്ട് നടത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.
പേരാവൂർ പഞ്ചായത്തിലെ വിവിധയിടങ്ങളിൽ വ്യക്തികൾ പുഴ കയ്യേറുന്നത് വ്യാപകമായിട്ടും അധികൃതർ നടപടിയെടുക്കാറില്ലെന്ന് പരാതിയുണ്ട്.