അണ്ടലൂരിന് വിസ്മയമായി ബാലി സുഗ്രീവ യുദ്ധം

തലശ്ശേരി: കുംഭമാസത്തിലെ ഉച്ചസൂര്യൻ തലയ്ക്ക് മീതെ കത്തി നിൽക്കുമ്പോൾ, താഴെ ചുട്ടുപൊള്ളുന്ന പൂഴിപരപ്പിൽ സൂചി വീണാൽ നിലം തൊടാത്ത വിധമുള്ള ജനക്കൂട്ടത്തിന് നടുവിൽ ഘോര യുദ്ധം. അസുര വാദ്യങ്ങളുടെയും കൊമ്പിന്റെയും കുഴലിന്റെയും കാതടപ്പിക്കുന്ന ശബ്ദഘോഷങ്ങൾക്കും ആർപ്പുവിളികൾക്കുമിടയിൽ അങ്കം മുറുകുമ്പോൾ, ജനങ്ങൾ എല്ലാം മറക്കുന്നു.അധർമ്മത്തിനെതിരെയുള്ള ഇതിഹാസ യുദ്ധത്തിൽ മെയ്യഭ്യാസത്തിന്റെയും കായികമുറകളുടെയും മായികകാഴ്ചകൾ സമ്മാനിച്ച് സുഗ്രീവനും ബാലിയും അണ്ടലൂർ ക്ഷേത്രാങ്കണത്തെ യുദ്ധക്കളമാക്കി മാറ്റി. താക്കോൽ, ചുരിക, ദണ്ഡ്, തെങ്ങിൻ കുല, വില്ല് എന്നിവ ഉപയോഗിച്ചുള്ള ആട്ടങ്ങൾക്ക് അർത്ഥ തലങ്ങൾ ഏറെയാണ്. കുട്ടികൾ തൊട്ട് പ്രായമേറിയവർ വരെ വാനരസേനയിലെ പോരാളികളായി മാറുന്ന കാഴ്ച രാമനോടുള്ള ദ്വീപ് നിവാസികളുടെ ഹൃദയൈക്യം വിളംബരം ചെയ്യുന്നു.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് അണ്ടലൂരിൽ ബാലി -സുഗ്രീവ യുദ്ധം അരങ്ങേറിയത്. രാവണപക്ഷത്തെ ഇല്ലായ്മ ചെയ്യാൻ ശ്രീരാമപക്ഷം നടത്തിയ ഘോരയുദ്ധം ചിത്രീകരിക്കുന്ന യുദ്ധമുറകളും, അടവ് തന്ത്രങ്ങളുമെല്ലാം ഇവിടെ കാണാം. രാവണപക്ഷത്തെ അതിശക്തരായ വിരൂപാക്ഷൻ, പ്രഹസ്തൻ, കുംഭകർണ്ണൻ, മേഘനാഥൻ, അതികായൻ, ധൂമ്രാക്ഷൻ എന്നിവരുമായുള്ള യുദ്ധത്തെയും വധത്തെയുമെല്ലാം ഓർമ്മിപ്പിക്കുന്ന പോരാട്ട ദൃശ്യങ്ങളും ചടങ്ങുകളുമെല്ലാം രാമായണത്തിലെ സംഭവബഹുലമായ ഏടുകളിലേക്ക് കാണികളെ കൊണ്ടു പോകുന്നു. നാളെ അണ്ടലൂർ കളിയാട്ടത്തിന് സമാപനമാകും.