സംസ്ഥാനത്തെ 196 ഹയർ സെക്കന്ററി സ്കൂളുകളിൽ പ്രിൻസിപ്പലില്ല

Share our post

തിരുവനന്തപുരം: സംസ്ഥാനത്തെ 196 സർക്കാർ ഹയർ സെക്കന്ററി സ്കൂളുകളിൽ ഒരു വർഷമായി പ്രിൻസിപ്പലില്ല. രണ്ടുമാസംമുമ്പ് യോഗ്യതാപട്ടിക തയ്യാറായെങ്കിലും നിയമനത്തെച്ചൊല്ലിയുള്ള തർക്കത്തിൽ സർക്കാർതീരുമാനം വൈകുകയാണ്.

ഏറെ ഒഴിവുള്ള കാസർകോടുപോലുള്ള ഗ്രാമീണ മേഖലകളിലേക്കു പോവാൻ അധ്യാപകർ സമ്മതിക്കാത്തതാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മുന്നിലെ മുഖ്യതടസ്സം. തസ്തികയിൽ നാലിലൊന്ന് ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർമാർക്ക് തസ്തികമാറ്റം വഴിയുള്ള സ്ഥാനക്കയറ്റത്തിലൂടെ നൽകുന്നതാണ്. ഇതു കോടതിയിൽ ചോദ്യംചെയ്യപ്പെട്ടതോടെ, ജൂലായിൽ തയ്യാറാക്കിയ കരടുപട്ടികയിൽ നിയമനം നീണ്ടു.ഹൈസ്‌കൂളുകാരെ നിയമിക്കാൻ കോടതിയും സമ്മതിച്ചു.

തുടർന്ന്, രണ്ടുമാസം മുമ്പ് സർക്കാർ അന്തിമയോഗ്യതാപട്ടിക തയ്യാറാക്കി. കാസർകോട് ജില്ലയിൽമാത്രം 40 പേരെ നിയമിക്കണം. ഇവിടേക്കു പോവാൻ പട്ടികയിലുള്ളവർ തയ്യാറല്ല. ഇഷ്ടമുള്ളിടത്ത് നിയമനം നേടാൻ അധ്യാപകർ ഭരണപക്ഷ സ്വാധീനമുപയോഗിച്ച് സമ്മർദവും തുടങ്ങി. ചില ജില്ലകളിൽ കിട്ടാൻ സാമ്പത്തിക വാഗ്ദാനംവരെ ഉണ്ടെന്നാണ് ആക്ഷേപം. 29 തസ്തിക ഒഴിവുള്ള കോഴിക്കോടും 26 ഒഴിവുള്ള കണ്ണൂരുമാണ് മുന്നിലുള്ള മറ്റു ജില്ലകൾ.

പ്രിൻസിപ്പൽ നിയമനത്തിനുശേഷമേ സാധാരണ അധ്യാപകരുടെ സ്ഥലംമാറ്റം നടക്കാറുള്ളൂ. തർക്കം മാറാത്തതിനാൽ പതിവുതെറ്റിച്ച് വെള്ളിയാഴ്ച അധ്യാപക സ്ഥലംമാറ്റത്തിനുള്ള ഉത്തരവിറങ്ങി. ഇനി പ്രിൻസിപ്പൽമാരെ നിയമിച്ചാൽ സ്ഥലംമാറ്റം ലഭിച്ചവരിൽ പലരും വീണ്ടും മാറേണ്ട സ്ഥിതിവരും.

ഓൺലൈനായാണ് ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർമാരുടെയും ഹയർസെക്കൻഡറി അധ്യാപകരുടെയും സ്ഥലംമാറ്റത്തിനുള്ള നടപടിക്രമം. ഹയർ സെക്കന്ററി പ്രിൻസിപ്പൽ നിയമനത്തിന് അതു നടപ്പാക്കിയിട്ടില്ല. ഈ പഴുതു മുതലെടുത്താണ് ഇഷ്ടമുള്ള ജില്ലയ്ക്കായുള്ള അധ്യാപകരുടെ രാഷ്ട്രീയസമ്മർദം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!