ടി.പി ചന്ദ്രശേഖരൻ വധക്കേസ്; അപ്പീലുകളിൽ ഹൈക്കോടതി വിധി നാളെ

ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ വിവിധ അപ്പീലുകലിൽ ഹൈക്കോടതി നാളെ വിധി പറയും. എഫ്.ഐ.ആറിൽ പേരില്ലാത്തവരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയെന്ന് പ്രതികൾ അപ്പീലിൽ ചൂണ്ടിക്കാണിക്കുന്നു. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന സർക്കാർ അപ്പീലിലും പി. മോഹനൻ ഉൾപ്പെടെയുള്ളവരെ വിട്ടയച്ചതിൽ കെകെ രമ നൽകിയ ഹർജിയിലും നാളെ വിധി പറയും.
നാളെ രാവിലെ 10.15ന് ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് അപ്പീലുകളിൽ വിധി പറയുന്നത്. വിചാരണ കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രതികൾ കോടതിയെ സമീപിച്ചിട്ടുണ്ട്. പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പ്രതികൾ ഹർജിയിൽ പറയുന്നു.
2012 മേയ് 4നാണ് ആർ.എം.പി സ്ഥാപക നേതാവ് ടി.പി ചന്ദ്രശേഖരനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. എം. സി. അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി. കെ. രജീഷ്, സി. പി. എം പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി. കെ. കുഞ്ഞനന്തൻ തുടങ്ങി 11 പ്രതികളെ ജീവപര്യന്തം തടവിനും, കണ്ണൂർ സ്വദേശി ലംബു പ്രദീപിനെ 3 വർഷത്തെ തടവിനും ശിക്ഷിച്ചു. ശിക്ഷ അനുഭവിക്കുന്നതിനിടെ പി.കെ.കുഞ്ഞനന്തൻ 2020 ജൂണിൽ മരിച്ചിരുന്നു. 36 പ്രതികളുണ്ടായിരുന്ന കേസിൽ സി.പി.എം നേതാവായ പി.മോഹനൻ ഉൾപ്പെടെ 24 പേരെ വിട്ടയച്ചു.