അണ്ടലൂരിൽ ദൈവത്താർ മുടിയണിഞ്ഞു;സാക്ഷികളായി ആയിരങ്ങൾ

Share our post

അണ്ടലൂർ : അണ്ടലൂർക്കാവിൽ തെയ്യാട്ടങ്ങൾ തുടങ്ങിയ ശനിയാഴ്ച ഇഷ്ട ദൈവങ്ങളെ കാണാൻ എത്തിയത് വൻ ജനാവലി. സന്ധ്യയോടെ ആയിരങ്ങളെ സാക്ഷിയാക്കി പ്രധാന ആരാധനാമൂർത്തിയായ ദൈവത്താർ (ശ്രീരാമൻ) പൊന്മുടിയണിഞ്ഞു.

ഒപ്പം, സഹചാരികളായ അങ്കക്കാരനും ബപ്പൂരനും (ലക്ഷ്മണനും ഹനുമാനും) മുടിയണിഞ്ഞു. വ്രതനിഷ്ഠരായ വില്ലുകാരുടെ മെയ്യാലുകൂടലിനു ശേഷം ഭക്തർക്ക് ദർശനം നൽകിയ ദൈവത്താർ രാത്രി വൈകി സഹചാരികളോടൊപ്പം പന്തങ്ങളുടെ പ്രഭയിൽ താഴെക്കാവിലേക്ക് എഴുന്നള്ളി. താഴെക്കാവിലേക്കുള്ള എഴുന്നള്ളത്തിനും നിരവധി ഭക്തജനങ്ങൾ ഒപ്പം ചേർന്നു.

രാമായണകഥയെ ആസ്പദമാക്കിയാണ് അണ്ടലൂരിൽ തെയ്യാട്ടങ്ങൾ നടക്കുന്നത്. ലങ്കയിലെ യുദ്ധത്തെ പ്രതിനിധീകരിക്കുന്ന ആട്ടങ്ങളാണ് താഴെക്കാവിൽ. താക്കോൽ, ചുരിക, ദണ്ഡ്, തെങ്ങിൻകുല, വില്ല്, കുട എന്നിവ ഉപയോഗിച്ചുള്ള ആട്ടങ്ങൾ രാവണപക്ഷത്തെ വിരൂപാക്ഷൻ, ധൂമ്രാക്ഷൻ, പ്രഹസ്തൻ, കുംഭകർണൻ, അതികായൻ, മേഘനാഥൻ എന്നിവരുമായുള്ള യുദ്ധത്തെയും വധത്തെയും സൂചിപ്പിക്കുന്നു. വാളുകൊണ്ടുള്ള ആട്ടമാണ് രാവണവധത്തെ സൂചിപ്പിക്കുന്നത്.

ശനിയാഴ്ച പുലർച്ചെ മേലൂർ മണലിൽ നിന്നും ഓലക്കുട എത്തിയതോടെയാണ് അണ്ടലൂർക്കാവിൽ തെയ്യാട്ടങ്ങൾക്ക് തുടക്കമായത്. അതിരാളവും മക്കളും (സീതയും ലവകുശന്മാരും), നാഗകണ്ഠൻ, നാഗഭഗവതി, തൂവക്കാലി, മലക്കാരി, പൊൻമകൻ, പുതുചേകോൻ തുടങ്ങിയ തെയ്യങ്ങളും കെട്ടിയാടി. ഉച്ചയ്ക്ക് ക്ഷേത്ര മുറ്റത്ത് നടന്ന ബാലിസുഗ്രീവ യുദ്ധം കാണാനും വൻ ജനാവലി എത്തിച്ചേർന്നു.

ചൊവ്വാഴ്ച വരെ തെയ്യാട്ടങ്ങൾ തുടരും. പോരടിച്ച്. ധർമടം അണ്ടലൂർക്കാവിലെ ഉത്സവത്തിന്റെ ഭാഗമായി ശനിയാഴ്ച നടന്ന ബാലി-സുഗ്രീവ യുദ്ധം. ക്ഷേത്രമുറ്റത്തെ അരയാൽച്ചുവട്ടിൽ ചെണ്ടയുടെ അകമ്പടിയോടെ ആദ്യമെത്തുന്ന ബാലി ചുവടുകൾവെച്ച് പീഠത്തിലേറി സുഗ്രീവനെ പോരിന് വിളിക്കുന്നതോടെയാണ് യുദ്ധം തുടങ്ങുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!