പരീക്ഷയ്ക്ക് രണ്ട് ദിവസം മുമ്പ് പ്രസവം, 23-ാം വയസ്സിൽ ഗോത്രവർഗത്തിൽ നിന്ന് ആദ്യ വനിതാജഡ്ജി

ചെന്നൈ: തമിഴ്‌നാട്ടിലെ ഗോത്രവർഗത്തിൽ നിന്നുള്ള ആദ്യ വനിതാജഡ്ജി എന്ന അഭിമാന നേട്ടവുമായി തിരുവണ്ണാമല പുലിയൂർ സ്വദേശിനി ശ്രീപതി. സിവിൽ ജഡ്ജി നിയമനത്തിനായി നടത്തിയ പരീക്ഷയിൽ വിജയിച്ച ശ്രീപതി ആറുമാസത്തെ പരിശീലനത്തിന് ശേഷം സ്ഥാനമേൽക്കും.
23-ാം വയസ്സിൽ സിവിൽ ജഡ്ജിയായി നിയമനം ലഭിച്ചത് വെല്ലുവിളിയെ നിശ്ചയദാർഢ്യം കൊണ്ട് നേരിട്ടുകൊണ്ടാണ്. ശ്രീപതിയുടെ നേട്ടത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അടക്കമുള്ള പ്രമുഖർ അഭിനന്ദനം അറിയിച്ചു. നിയമപഠനം പൂർത്തിയാക്കുന്നതിന് മുമ്പ് വിവാഹിതയായ ശ്രീപതി അതിനുശേഷവും പഠനം തുടരുകയായിരുന്നു.
ഗർഭിണിയായിരിക്കെയായിരുന്നു സിവിൽ ജഡ്ജി നിയമനത്തിനുള്ള പരീക്ഷയ്ക്ക് തയ്യാറെടുത്തത്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു മെയിൻ പരീക്ഷ. അപ്പോഴേക്കും പ്രസവകാലാവധി അടുത്തിരുന്നു.പരീക്ഷയ്ക്ക് രണ്ട് ദിവസം മുമ്പ് പ്രസവവേദന അനുഭവപ്പെട്ടു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അടുത്തദിവസം പ്രസവം നടന്നു. എന്നിട്ടും പരീക്ഷ എഴുതുന്നതിൽനിന്ന് പിൻമാറിയില്ല. ഡോക്ടറുടെ നിർദേശപ്രകാരമുള്ള സൗകര്യങ്ങളോടെ തിരുവണ്ണാമലയിൽനിന്ന് കാറിൽ ചെന്നൈയിൽ എത്തി പരീക്ഷ എഴുതി. അവസാനം പരീക്ഷയിൽ വിജയം നേടുകയുമായിരുന്നു. ഭർത്താവ് വെങ്കിട്ടരാമന്റെ പിന്തുണയും സഹായവും തന്റെ നേട്ടത്തിന് പ്രധാനകാരണമായി ശ്രീപതി ചൂണ്ടിക്കാട്ടുന്നു.