മൃതദേഹവുമായുള്ള പ്രതിഷേധത്തിനിടെ സംഘര്‍ഷം; പുല്‍പ്പള്ളിയില്‍ ലാത്തിച്ചാര്‍ജ് നടത്തി പോലീസ്

വയനാട്: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വനം വാച്ചറുടെ മൃതദേഹവുമായുള്ള പ്രതിഷേധത്തിനിടെ സംഘര്‍ഷം. പോലീസിന് നേരേ വെള്ളക്കുപ്പിയും കസേരയും എറിഞ്ഞ് ചിലർ പ്രതിഷേധിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. ഇതോടെ പ്രതിഷേധക്കാര്‍ക്ക് നേരേ പോലീസ് ലാത്തി വീശി.
ഇവിടെയെത്തിയ എം.എല്‍.എമാര്‍ക്ക് നേരെയും പ്രതിഷേധക്കാര്‍ കുപ്പിയെറിഞ്ഞു. പോലീസ് ലാത്തി വീശിയപ്പോള്‍ ആദ്യഘട്ടത്തില്‍ ചിതറി ഓടിയെങ്കിലും ആളുകള്‍ ഇവിടെ നിന്ന് പിരിഞ്ഞുപോകാന്‍ തയാറായിട്ടില്ല.
പോലീസ് ഗോ ബാക്ക് മുദ്രാവാദ്യം വിളിച്ച് നാട്ടുകാര്‍ സ്ഥലത്ത് പ്രതിഷേധം തുടരുകയാണ്. ഇന്ന് രാവിലെ മുതലാണ് കൊല്ലപ്പെട്ട വനം വാച്ചർ പോളിന്റെ മൃതദേഹവുമായി പുൽപ്പള്ളി ബസ്സ്റ്റാൻഡിനകത്ത് നാട്ടുകാർ പ്രതിഷേധം തുടങ്ങിയത്.
പ്രതിഷേധക്കാര്‍ ഉന്നയിച്ച ആവശ്യങ്ങളെല്ലാം ജില്ലാ ഭരണകൂടവും പഞ്ചായത്തും ചേർന്ന് വിളിച്ചുചേര്‍ത്ത യോഗത്തില്‍ അംഗീകരിച്ചു. ആവശ്യങ്ങള്‍ അംഗീകരിച്ചത് പ്രതിഷേധക്കാരെ അറിയിക്കാനെത്തിയപ്പോഴാണ് സംഘർഷം ആരംഭിച്ചത്.
വാക്കാല്‍ അംഗീകരിക്കുന്നത് പലതവണ കണ്ടതാണെന്നും ഇതിന് നടപടിയാണ് വേണ്ടതെന്നും പറഞ്ഞ് നാട്ടുകാർ ബഹളമുണ്ടാക്കുകയായിരുന്നു. കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് അടക്കം സർക്കാരിനോട് ശിപാർശ ചെയ്യാൻ യോഗത്തിൽ തീരുമാനമായിരുന്നു.