എത്തി… ഡബിൾ ഡെക്കർ ബസ് തലശ്ശേരിയിൽ

തലശ്ശേരി : കെ.എസ്.ആർ.ടി.സിയുടെ ഡബിൾ ഡെക്കർ ബസ് തലശ്ശേരിയിലെത്തി. തിരുവനന്തപുരത്തും കൊച്ചിയിലും മാത്രം കാണുന്ന ഡബിൾഡെക്കർ ബസ് എത്തിയതറിഞ്ഞ് കെ.എസ്.ആർ.ടി.സി തലശ്ശേരി ഡിപ്പോയിൽ കാണാൻ ധാരാളം ആളുകളെത്തി.
ഡിപ്പോയുടെ മുന്നിലാണ് ബസ് നിർത്തിയിട്ടിരിക്കുന്നത്. തലശ്ശേരി പൈതൃക ടൂറിസം കേന്ദ്രങ്ങളിലൂടെ ഇനി ബസിൽ യാത്രചെയ്യാം. തിരുവനന്തപുരം സിറ്റി ഡിപ്പോയിൽനിന്ന് വ്യാഴാഴ്ച രാത്രി ഏഴിന് പുറപ്പെട്ട ബസ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് തലശ്ശേരിയിലെത്തി.
വഴിയിൽ യാത്രക്കാരെ കയറ്റിയാണ് ഡ്രൈവർ നവാസും കണ്ടക്ടർ ജയപ്രകാശും ബസ് തലശ്ശേരിയിലെത്തിച്ചത്.ബസിന്റെ താഴത്തെ നിലയിൽ 28 ആളുകൾക്ക് ഇരിക്കാനുളള സീറ്റും രണ്ട് മേശയുമുണ്ട്. മുകളിലത്തെ നിലയിൽ 21 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. ഉയരം കൂടുതലുള്ളതിനാൽ ബസ് കടന്നുപോകുന്ന വഴിയിലുള്ള താഴ്ന്ന് കിടക്കുന്ന വൈദ്യുതിലൈൻ ഉയർത്തുകയും മരക്കൊമ്പുകൾ നീക്കംചെയ്യുകയും വേണം. അതിനുള്ള നടപടി തുടങ്ങി.
തിരുവനന്തപുരത്ത് ഡബിൾഡെക്കർ ബസ് വൈകീട്ട് അഞ്ചു മുതൽ പത്തുവരേയുള്ള നൈറ്റ് സിറ്റി റൈഡും രാവിലെ ഒൻപത് മുതൽ നാലുവരെ ഡേസിറ്റി റൈഡുമാണ് നടത്തുന്നത്. ഒരാൾക്ക് 250 രൂപയാണ് ടിക്കറ്റ് നിരക്ക്. തലശ്ശേരിയിൽ റൂട്ട് നിശ്ചയിച്ച ശേഷം നിരക്ക് തീരുമാനിക്കും. നിലവിലുള്ള ബസ് ചാർജിനേക്കാൾ തുക കൂടുതലായിരിക്കും.
വിദ്യാർഥികൾക്ക് യാത്രാ ചാർജിൽ ഇളവ് നൽകും. തലശ്ശേരി പൈതൃക ടൂറിസം പദ്ധതി ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ സ്പീക്കർ എ.എൻ.ഷംസീർ മുൻകൈയെടുത്താണ് ബസ് തലശ്ശേരിയിൽ എത്തിക്കാൻ നടപടി സ്വീകരിച്ചത്. ഗതാഗതമന്ത്രി കെ.ബി.ഗണേഷ്‌കുമാറിനെ പങ്കെടുപ്പിച്ച് 22-ന് ബസ് ഓട്ടം തുടങ്ങാനാണ് സാധ്യത.
ഇല്ലിക്കുന്ന് ഗുണ്ടർട്ട് ബംഗ്ലാവ്, കോടതി, ഓവർബറീസ്‌ഫോളി, കടൽപ്പാലം,സെയ്ന്റ് ജോൺസ് ആംഗ്ലിക്കൻ ചർച്ച്, ക്രിക്കറ്റ് സ്റ്റേഡിയം, സബ്കളക്ടർ ബംഗ്ലാവ്, താഴെ അങ്ങാടി, പാണ്ടികശാലകൾ, ജഗന്നാഥക്ഷേത്രം, ന്യുമാഹി മുകുന്ദൻ പാർക്ക്, മാഹി ബസ്‌ലിക്ക പള്ളി, മാഹി പുഴയോര നടപ്പാത, മുഴപ്പിലങ്ങാട് ബീച്ച് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയുള്ള യാത്രയാണ് ആദ്യഘട്ടത്തിൽ ഉദ്ദേശിക്കുന്നത്.