എടൂർ: മലയോര ഹൈവേ വികസന പ്രവൃത്തികള്‍ നാട്ടുകാരുടെ കുടിവെള്ളം മുട്ടിക്കുന്നു. ജലനിധി പദ്ധതി പ്രകാരം പത്ത് വർഷം മുൻപ് ഭൂമിക്കടിയില്‍ സ്ഥാപിച്ച പൈപ്പ് ലൈനുകള്‍ മുഴുവൻ വെട്ടിപ്പൊളിച്ചാണ് വള്ളിത്തോട് – മണത്തണ മലയോര ഹൈവേ വീതികൂട്ടി നവീകരിക്കുന്നത്. എടൂരിലെ ജലനിധിയുടെ വെമ്പുഴയിലെ പബിങ് സ്റ്റേഷനില്‍ നിന്ന് സംഭരണി വരെ ഏകദേശം ഒന്നര കിലോമീറ്റർ ദൂരം പൈപ്പുകള്‍ തീർത്തും നശിപ്പിച്ച നിലയിലാണ്. പൊളിച്ചിട്ട പൈപ്പ് ലൈനുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് റോഡ് വികസന പദ്ധതിയില്‍ പണമില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം.
ആറളം പഞ്ചായത്തിലെ വെമ്ബുഴ മുതല്‍ ആറളം പാലം വരെയുള്ള എട്ടുകിലോമീറ്റർ ഭാഗത്തെ മൂന്ന് ജലനിധി യൂണിറ്റുകളിലെ ആയിരത്തോളം കുടുംബങ്ങളാണ് ഇതോടെ പ്രതിസന്ധിയിലാകുന്നത് . പൈപ്പ് ലൈൻ തകർന്നതോടെ എടൂർ മേഖലയില്‍ നവംബർ മുതല്‍ തന്നെ കുടിവെള്ളം മുടങ്ങി. ഇതോടെ 83 കുടുംബങ്ങള്‍ വെള്ളത്തിനായി കഷ്ടപ്പെടുകയാണ്. വേനല്‍ കനത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തിറങ്ങി.
ജലനിധി പദ്ധതിയുടെ കോടികള്‍ മുടക്കി നിർമിച്ച എടൂർ, വെള്ളരിവയല്‍, ആറളം എന്നീ മൂന്ന് പദ്ധതികളാണ് ഹൈവേ വികസനത്തോടെ പ്രതിസന്ധിയിലായത്. ഉപഭോക്താവില്‍ നിന്നും ഈടാക്കുന്ന 100 രൂപയാണ് യൂണിറ്റുകളുടെ പ്രവർത്തന മൂലധനം. വൈദ്യുത ചാർജ്, പമ്പ് ഓപ്പറേറ്റർക്കുള്ള വേതനം, അടിയന്തര അറ്റകുറ്റപ്പണികള്‍ എന്നിവയ്ക്കുള്ള ചെലവ് വഹിക്കുന്നത് ഗുണഭോക്തൃ സമിതിയാണ്. കാലപ്പഴക്കമുള്ള പൈപ്പുകള്‍ ഭൂമിക്കടിയില്‍ നിന്നും പുറത്തെടുക്കുമ്ബോള്‍ തന്നെ ഭൂരിഭാഗം പൈപ്പുകളും പൊട്ടുകയാണ്. പുതിയ പൈപ്പുകള്‍ വാങ്ങി സ്ഥാപിക്കാനുള്ള ശേഷി ഗുണഭോക്തൃ സമിതിക്ക് ഇല്ലാത്തതാണ് മാസങ്ങളായി കുടിവെള്ളം മുടങ്ങാൻ കാരണം.
പൊട്ടിയ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാൻ ഏകദേശം അഞ്ചു ലക്ഷം രൂപ ചെലവാകും. ഇതിനുവേണ്ടി ഗുണഭോക്താക്കള്‍ പഞ്ചായത്ത് മുതല്‍ വകുപ്പ് മന്ത്രിക്ക് വരെ പരാതി നല്‍കി. മുഖ്യമന്ത്രിയുടെ നവ കേരള സദസിലും പരാതി നല്‍കിയിരുന്നു. കളക്ടർക്ക് നല്‍കിയ പരാതി വാട്ടർ അഥോറിറ്റിയുടെ ദുരന്ത നിവാരണ വിഭാഗത്തിന് കൈമാറിയെങ്കിലും ഇലക്ഷൻ ഡ്യൂട്ടി ആരംഭിച്ചതോടെ ഫയല്‍ പരിശോധിക്കാൻ ബന്ധപ്പെട്ട വകുപ്പില്‍ ജീവനക്കാരില്ലാത്ത അവസ്ഥയാണ്.
ഇതോടെയാണ് എടൂരില്‍ പൊളിച്ചിട്ട പൈപ്പുകള്‍ മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വീട്ടമ്മമാർ ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. താത്കാലിക പരിഹാരവുമായി നാട്ടുകാർ കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ ഉപഭോക്താക്കള്‍ തന്നെ നേരിട്ടിറങ്ങി പൊട്ടിയ പൈപ്പുകള്‍ ശ്രമദാനമായി പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. പൊട്ടിയ പൈപ്പുകള്‍ തന്നെ റോഡിന്‍റെ പുതിയ കെട്ടിനോട് ചേർന്ന് അരയടി താഴ്ചയില്‍ മാറ്റിയിട്ടാണ് താത്കാലിക പരിഹാരം കണ്ടെത്തിയിരിക്കുന്നത്.