‘ഉഡാൻ’ താരം കവിത ചൗധരി അന്തരിച്ചു

അമൃത്സർ: ‘ഉഡാൻ’ എന്ന ടെലിവിഷൻ ഷോയിലൂടെ ശ്രദ്ധേയയായ നടി കവിത ചൗധരി(67) അന്തരിച്ചു. ഹൃദയാഘാതം മൂലം വ്യാഴാഴ്ച രാത്രിയോടെയാണ് അന്ത്യം. വർഷങ്ങളായി കാൻസർ ബാധിതയായിരുന്നു. അമൃത്സറിലെ സ്വകാര്യാസ്പത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
ദൂരദർശനിൽ 1989 സംപ്രേഷണം ചെയ്ത ഉഡാനിൽ ഐ.പി.എസ് ഓഫീസർ കല്യാണി സിങ് എന്ന കഥാപാത്രത്തെയാണ് കവിത ചൗധരി അവതരിപ്പിച്ചത്. ഉഡാന്റെ തിരക്കഥ ഒരുക്കി സംവിധാനം ചെയ്തതും കവിതയാണ്. സർഫ് പരസ്യങ്ങളിൽ ലളിതാജി എന്ന കഥാപാത്രമായും കവിത ചൗധരി ജനശ്രദ്ധയാകർഷിച്ചു.
സിനിമ-ടെലിവിഷൻ രംഗത്തെ പ്രമുഖരുൾപ്പെടെ നിരവധിപേർ കവിത ചൗധരിയുടെ മരണത്തിൽ അനുശോചനമറിയിച്ചിട്ടുണ്ട്.