ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഗൈഡുകളെ നിയോഗിക്കാന്‍ നൈപുണ്യ വികസന സമിതി

കണ്ണൂർ : ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പരിശീലനം നേടിയ ഗൈഡുകളെ നിയോഗിക്കാന്‍ ആവശ്യമായ നടപടികളുമായി ജില്ലാ നൈപുണ്യ വികസന സമിതി. ഇതിന് താല്‍പര്യമുള്ളവരെ കണ്ടെത്തി പരിശീലനം നല്‍കാനും യോഗം തീരുമാനിച്ചു. ഇതിനായി സബ് കമ്മിറ്റി രൂപീകരിക്കും. വിദേശ-ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണമേറി വരുന്ന സാഹചര്യത്തിലാണ് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പരിശീലനം നേടിയ ഗൈഡുകളെ നിയോഗിക്കാന്‍ തീരുമാനിച്ചത്. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കലക്ടര്‍ സന്ദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു.
അടുത്ത വര്‍ഷത്തെ ജില്ലാ നൈപുണ്യ പദ്ധതിക്കുള്ള തയ്യാറെടുപ്പ്, നിലവിലെ പദ്ധതികളുടെ അവലോകനം, ആറളം ഫാം സ്‌കില്‍ ഡെവലപ്പ്‌മെന്റ് സെന്റര്‍ സാധ്യതാ പഠനം, വിവിധ വകുപ്പുകളുടെ നൈപുണ്യ പദ്ധതികളുടെ ഏകീകരണം, ജില്ലക്കായുള്ള നൈപുണ്യ വിവര ശേഖരം, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നൈപുണ്യ പദ്ധതികള്‍ തയ്യാറാക്കുന്നതിന് സഹായം നല്‍കല്‍ തുടങ്ങിയവ യോഗം ചര്‍ച്ച ചെയ്തു.
ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ നെനോജ് മേപ്പടിയത്ത്, ജില്ലാ സ്‌കില്‍ കോ-ഓര്‍ഡിനേറ്റര്‍ വിജേഷ്. വി.ജയരാജ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എ.എസ്. ഷിറാസ്, സമിതി അംഗങ്ങളായ ജില്ലാതല ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.