പെൻസിൽ പാക്കിങ് ജോലി തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള പൊലീസ്

Share our post

പ്രമുഖ പെൻസിൽ കമ്പനികളിലെ പാക്കിങ് ജോലിയെന്ന പേരിൽ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന പരസ്യങ്ങൾ തട്ടിപ്പാണെന്ന് കേരള പൊലീസ്. ഫേസ്ബുക്ക് പേജിലൂടെയാണ് പൊലീസിന്റെ മുന്നറിയിപ്പ്. പെൻസിൽ കമ്പനികളിൽ പാക്കിങ് ജോലി ചെയ്ത് വീട്ടിലിരുന്ന് ലക്ഷങ്ങൾ നേടാമെന്ന് വാഗ്ദാനം നൽകുന്നവയാണ് പരസ്യങ്ങൾ. ഇത് പണം തട്ടാനുള്ള പുതിയ മാർഗമാണെന്നും തട്ടിപ്പുകളിൽ വീഴരുതെന്നും പൊലീസ് കുറിപ്പിൽ പറയുന്നു.

വിളിക്കേണ്ട മൊബൈൽ നമ്പർ വരെ നൽകിയാണ് ഇത്തരം പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നത്. പല പോസ്റ്റുകളിലും വ്യത്യസ്ത നമ്പറുകളാണ് കോൺടാക്റ്റ് നമ്പറായി കൊടുത്തിരിക്കുന്നത്. ഉയർന്ന ശമ്പളം പ്രതീക്ഷിച്ച് ജോലിക്ക് വേണ്ടി വാട്സാപ് നമ്പറിൽ ബന്ധപ്പെടുന്നവരോട് ഗൂഗിൾ പേ വഴിയോ ഫോൺപേ വഴിയോ രജിസ്ട്രേഷൻ ഫീസ് ആവശ്യപ്പെടും.

അടുത്ത പടിയായി ഫോട്ടോ വാങ്ങി കമ്പനിയുടെ എന്ന രീതിയിൽ വ്യാജ തിരിച്ചറിയൽ കാർഡ് അയച്ച് കൊടുക്കും. മേൽവിലാസം വെരിഫൈ ചെയ്യാനും കൊറിയർ ചാർജായും പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തുന്നത്.

നടരാജ് പെൻസിലിന്റെ പേരിൽ ജോലി വാഗ്ദാനം ചെയ്യുന്ന പോസ്റ്റുകൾ തട്ടിപ്പാണ് എന്ന് കമ്പനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഒരു മണിക്കൂറിനകം വിവരം 1930ൽ അറിയിക്കണമെന്ന് പൊലീസ് പറയുന്നു. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!