പ്രസവം കഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളില്‍ പരീക്ഷ എഴുതി; ഗോത്രവർഗക്കാരി ജഡ്ജിയായി

Share our post

പിന്നാക്ക മേഖലയിലെ ഗോത്ര വിഭാഗത്തില്‍ നിന്നും സിവില്‍ ജഡ്ജി പരീക്ഷയെഴുതി പാസായി 23കാരി. തമിഴ്നാട് തിരുവണ്ണാമലൈ ജില്ലയിലെ പുലിയൂര്‍ സ്വദേശിയായ ശ്രീപതിയാണ് ഈ അഭിമാന നേട്ടം കരസ്ഥമാക്കിയത്. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള പ്രമുഖരാണ് ശ്രീപതിയുടെ നേട്ടത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

സംസ്ഥാനത്തെ പിന്നാക്ക മേഖലയില്‍ നിന്നാണ് ശ്രീപതി ഈ നേട്ടം സ്വന്തമാക്കിയത്. അതും പ്രസവം കഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളില്‍ എഴുതിയ പരീക്ഷയിലാണ് ശ്രീപതി വിജയം നേടിയത്.

“വലിയ സൗകര്യങ്ങളൊന്നുമില്ലാത്ത പിന്നാക്ക മേഖലയിലെ ഗോത്രവിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടി ഈ നേട്ടം കൈവരിച്ചതില്‍ അഭിമാനം തോന്നുന്നു,” മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പറഞ്ഞു.

തമിഴ് മീഡിയം വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ പ്രാധാന്യം നല്‍കിയ ഡി.എം.കെ സര്‍ക്കാരിന്റെ നയമാണ് ശ്രീപതിയെ പോലെയുള്ളവരെ മുന്‍നിരയിലേക്ക് എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

“ശ്രീപതിയെ പിന്തുണച്ചതിന് അവരുടെ അമ്മയേയും ഭര്‍ത്താവിനെയും അഭിനന്ദിക്കുന്നു,’’ എന്നും മുഖ്യമന്ത്രി പറഞ്ഞു.

തന്റെ ഗ്രാമത്തില്‍ നിന്നും 250 കിലോമീറ്റര്‍ അകലെയുള്ള ചെന്നൈ നഗരത്തിലാണ് ശ്രീപതി സിവില്‍ ജഡ്ജിക്കായുള്ള പരീക്ഷയെഴുതിയത്. 2023 നവംബറിലായിരുന്നു പരീക്ഷ. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഫൈനൽ ഇന്റര്‍വ്യൂ നടന്നതെന്ന് ശ്രീപതിയുടെ അടുത്ത ബന്ധുക്കള്‍ പറഞ്ഞു. തുടർന്ന് ശ്രീപതിക്ക് ഗ്രാമത്തില്‍ വമ്പിച്ച സ്വീകരണമാണ് നല്‍കിയതെന്നും ബന്ധുക്കള്‍ പറഞ്ഞു.

യേലഗിരിയിലാണ് ശ്രീപതി തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ശേഷം ബി.എ.ക്ക് ചേർന്നു. അതിന് ശേഷമാണ് നിയമത്തില്‍ ബിരുദം നേടിയത്. 

തന്റെ കുഞ്ഞിനെ പ്രസവിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് ശ്രീപതി സിവില്‍ ജഡ്ജി പരീക്ഷയെഴുതാനെത്തിയത്. പരീക്ഷയെഴുതാനുള്ള എല്ലാ പിന്തുണയും ശ്രീപതിക്ക് നല്‍കിയ കുടുംബത്തെ പ്രശംസിച്ചും നിരവധി പേര്‍ രംഗത്തെത്തി. സംസ്ഥാന കായിക മന്ത്രി ഉദയനിധി സ്റ്റാലിനും ശ്രീപതിയെ അഭിനന്ദിച്ച് രംഗത്തെത്തി.

“തമിഴ് മീഡിയത്തില്‍ പഠിച്ചവര്‍ക്ക് സര്‍ക്കാര്‍ ജോലിയുറപ്പാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നയത്തിലൂടെ ശ്രീപതിക്ക് വിജയം കൈവരിക്കാനായതില്‍ സന്തോഷമുണ്ട്. പ്രസവം കഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളിലാണ് ശ്രീപതി പരീക്ഷയെഴുതിയത്. ആ അവസ്ഥയിലും പരീക്ഷയെഴുതാനായി ഇത്രയും ദൂരം സഞ്ചരിച്ചെത്തിയ ശ്രീപതിയുടെ നിശ്ചയദാര്‍ഢ്യം പ്രശംസിക്കപ്പെടേണ്ടതാണ്. ശ്രീപതിയുടെ എല്ലാ സ്വപ്‌നങ്ങളും യാഥാര്‍ത്ഥ്യമാകട്ടെ,’’ ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!