ന്യൂനപക്ഷ വിദ്യാർഥിനികൾക്ക് സി.എച്ച് മുഹമ്മദ് കോയ സ്കോളർഷിപ്പ്: പുതിയ അപേക്ഷ ക്ഷണിച്ചു; കൂടുതലറിയാം

തിരുവനന്തപുരം: സർക്കാർ, എയ്‌ഡഡ് സ്ഥാപനങ്ങളിലെ ബിരുദ, ബിരുദാനന്തര ബിരുദ, പ്രൊഫഷണൽ കോഴ്‌സുകളിലെ ന്യൂനപക്ഷ വിദ്യാർഥിനികൾക്ക് 2023-24 അധ്യായന വർഷത്തേക്ക് സി.എച്ച് മുഹമ്മദ് കോയ സ്കോളർഷിപ്പ്/ ഹോസ്റ്റൽ റ്റൈപ്പൻഡ് (പുതിയത്) നൽകാൻ ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
കേരളത്തിൽ സ്ഥിര താമസക്കാരായ മുസ്‌ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാരും), സിഖ്, ബുദ്ധ, പാഴ്സി, ജൈന വിഭാഗക്കാർക്കാണ് അവസരം. മെറിറ്റ് സീറ്റിൽ അഡ്മിഷൻ ലഭിച്ച് സ്വാശ്രയ മെഡിക്കൽ/ എഞ്ചിനീയറിങ് കോളജുകളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം.
യോഗ്യത പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്ക് വേണം. കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കവിയരുത്. (ബി.പി.എല്ലുകാർക്ക് മുൻഗണ ഉണ്ടായിരിക്കും). ഒരു വിദ്യാർഥിനിക്ക് സ്കോളർഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്‌റ്റൈപ്പൻ്റ് എന്നിവയിൽ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാവുന്നതാണ്.
സ്‌കോളര്‍ഷിപ്പ്/ ഹോസ്റ്റല്‍ സ്‌റ്റൈപ്പന്റ് എന്നിവയുടെ എണ്ണവും തുകയും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ താഴെയുള്ള വിജ്ഞാപനം സന്ദര്‍ശിക്കുക. അപേക്ഷ നല്‍കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 24. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2300524, 0471 230 2090.
അപേക്ഷ www.minoritywelfare.kerala.gov.in സന്ദര്‍ശിച്ച് C.H Muhammaf Koya Scholarship (CHMS) എന്ന ലിങ്ക് വഴി അപേക്ഷ നല്‍കാം. മറ്റ് സ്‌കോളര്‍ഷിപ്പുകള്‍ക്കായി മുന്‍പ് രജിസ്റ്റര്‍ ചെയ്തവരാണെങ്കില്‍ അതിന്റെ വിവരങ്ങള്‍ വെച്ച് Candidate id ലോഗിന്‍ ചെയ്ത് അപേക്ഷിക്കാവുന്നതാണ്.