കുടകർ അരി സമർപ്പിച്ചു; പയ്യാവൂർ ഊട്ടുത്സവം തുടങ്ങി

പയ്യാവൂർ: കാളപ്പുറത്ത് അരിയുമായി കുടകർ എത്തിയതോടെ പയ്യാവൂർ ശിവക്ഷേത്രത്തിലെ ഊട്ടുത്സവത്തിന് തുടക്കമായി. 27 കിലോമീറ്റർ വനത്തിലൂടെ നടന്ന് തിങ്കളാഴ്ച രാവിലെ ആറോടെ പയ്യാവൂരിലെത്തിയ കുടകരുടെ സംഘത്തെ ക്ഷേത്രം ഭാരവാഹികൾ സ്വീകരിച്ചു.
കുടകിലെ ബഹൂറിയൻ, മുണ്ടയോടൻ തറവാടുകളിലെ അംഗങ്ങളാണ് അരിയുമായെത്തിയത്. തുടർന്ന് അരിയും പൂജാ സാമഗ്രികളും നടയിൽ സമർപ്പിച്ചു. വൈകിട്ട് അരിയളന്നതോടെ ഉത്സവദിനങ്ങൾക്ക് തുടക്കമായി.
കലവറ നിറയ്ക്കൽ ഘോഷയാത്രയും നടത്തി. ഇതിനുശേഷം തിരുവത്താഴത്തിന് അരിയളവും കുഴിയടുപ്പിൽ തീയിടലും നടന്നു. പൊന്നുംപറമ്പിലെ കുടക് സ്ഥാനത്താണ് ഉത്സവസമാപനം വരെ കുടകർ താമസിക്കുക.
ദിവസവും വൈകിട്ട് അഞ്ചിന് തിടമ്പെഴുന്നള്ളത്തും തിരുനൃത്തവും നടക്കും. പ്രധാന ഉത്സവദിനമായ 23-ന് പുലർച്ചെ നെയ്യമൃത് മഠങ്ങളിൽ വ്രതശുദ്ധിയോടെ കഴിയുന്നവരുടെ നെയ്യൊപ്പിക്കൽ നടക്കും.
ഉച്ചയ്ക്ക് രണ്ടിന് തിടമ്പെഴുന്നള്ളത്തും തിരുനൃത്തവും കൊമരത്തച്ചന്റെയും നെയ്യമൃതുകാരുടെയും കുഴിയടുപ്പിൽ നൃത്തവും നടക്കും.
ക്ഷേത്രം കൊമരത്തച്ചൻ രാജൻ നമ്പ്യാർ, ദേവസ്വം ചെയർമാൻ തളിയിൽ ബിജു, എക്സിക്യൂട്ടീവ് ഓഫീസർ പ്രവീൺകുമാർ, ട്രസ്റ്റ് ബോർഡംഗം കെ.വി. ഉത്തമരാജൻ, മുൻ ചെയർമാൻ പി. സുന്ദരൻ, ആഘോഷക്കമ്മിറ്റി കൺവീനർ ഷൈലേഷ് കുമാർ, പി.വി.പ്രകാശൻ, ഫൽഗുനൻ മേലേടത്ത്, പുരുഷോത്തമൻ മേലേടത്ത്, കെ.ബി. ഗോവിന്ദൻ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.