വസ്‌തു നികുതിയുടെ പിഴപ്പലിശ മാർച്ച് 31 വരെ ഒഴിവാക്കി; മുൻവർഷങ്ങളിലെ കുടിശികയും അടക്കാം

തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ അടക്കേണ്ട വസ്‌തു നികുതിയുടെ പിഴപ്പലിശ മാർച്ച് 31 വരെ ഒഴിവാക്കിയതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.
വസ്‌തു നികുതി പിരിവ് ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഇതിനകം തന്നെ വസ്‌തു നികുതിയോടൊപ്പം പിഴപ്പലിശ അടച്ചവർക്ക് അടുത്ത വർഷത്തെ വസ്‌തു നികുതിയിൽ ഈ തുക ക്രമീകരിച്ചു നൽകുമെന്നും മന്ത്രി അറിയിച്ചു.
ഈ വർഷത്തെ മാത്രമല്ല, മുൻ വർഷങ്ങളിലെ വസ്‌തു നികുതി കുടിശികയും പിഴപ്പലിശ ഇല്ലാതെ അടക്കാനാവും. വർഷങ്ങളായി നികുതി അടയ്‌ക്കാതെ വലിയ തുക കുടിശിക വരുത്തിയവരുണ്ട്. ഇത്തരക്കാർക്കും ഈ സൗകര്യം പ്രയോജനകരമാണ്.