കാട് കാക്കാൻ ഇനി കാടിന്റെ മക്കൾ: കണ്ണൂരിൽ നിന്നും 44 പേർ

തൃശൂർ: കേരള പൊലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ ഗോത്രവിഭാഗത്തിൽപ്പെട്ട 460 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരുടെ പാസിങ് ഔട്ട് പരേഡ് തൃശൂർ പൊലീസ് അക്കാദമി മുഖ്യ പരേഡ് ഗ്രൗണ്ടിൽ നടന്നു. വനംമന്ത്രി എ.കെ. ശശീന്ദ്രൻ സല്യൂട്ട് സ്വീകരിച്ചു. മന്ത്രി കെ. രാധാകൃഷ്ണന്റെ സാന്നിധ്യത്തിലായിരുന്നു പ്രൗഢഗംഭീരമായ ചടങ്ങ്.
ആദ്യമായാണ് ഇത്രയും പേർ ഒരുമിച്ച് സർവീസിൽ പ്രവേശിക്കുന്നത്. നിയമനം നേടിയ 481പേരിൽ പരിശീലനം പൂർത്തിയാക്കിയ 460 പേരാണ് പാസിങ് ഔട്ട് പരേഡിൽ സത്യപ്രതിജ്ഞ ചെയ്ത് വനം വകുപ്പിന്റെ ഭാഗമായത്. 372 പുരുഷന്മാരും 88 വനിതകളുമാണുള്ളത്. തിരുവനന്തപുരത്തുനിന്ന് 18 പേരും പത്തനംതിട്ട, കൊല്ലം ജില്ലകളിൽ നിന്ന് പത്തുപേരും കോട്ടയം ജില്ലയിൽ നിന്ന് 21പേരും ഇടുക്കിയിൽ നിന്ന്- 35 പേരും എറണാകുളത്തുനിന്ന് 12പേരും തൃശൂരിൽ നിന്ന് ഒമ്പതുപേരും പാലക്കാടുനിന്ന് 57പേരും മലപ്പുറത്തുനിന്ന് 28 പേരും കോഴിക്കോടുനിന്ന് 16 പേരും കണ്ണൂരിൽ നിന്ന് 44പേരും വയനാട്ടിൽ നിന്ന് 161പേരും കാസർകോടുനിന്ന്- 39പേരുമാണ് ബീറ്റ് ഓഫീസർമാരായത്.
മികച്ച പ്രകടനം കാഴ്ചവച്ച പരിശീലനാർഥികൾക്ക് മന്ത്രി എ.കെ. ശശീന്ദ്രൻ ട്രോഫികൾ നൽകി. വി.ആർ. അമ്പിളി ബെസ്റ്റ് ഇൻഡോർ പെർഫോർമറായും വി.കെ. ലിനീഷ് ബെസ്റ്റ് ഔട്ട് ഡോർ പെർഫോർമറായും കെ.ആർ. രാഹുൽ ബെസ്റ്റ് ഓൾറൗണ്ടറായും തെരഞ്ഞെടുക്കപ്പെട്ടു.
വകുപ്പ് മേധാവി ഗംഗാ സിങ്, അഡീ. പ്രിൻസിപ്പൽ ചീഫ് ഫോറസ്‌റ്റ് കൺസർവേറ്റർ പി. പുകഴേന്തി, സി.ഇ.ഒ സി.എ.എം.പി.എൽ ചന്ദ്രശേഖർ, അഡീ. ഡി.ജി.പി ആൻഡ് ഡയറക്ടർ കെ.ഇ.പി.എ ഗോപേഷ് അഗർവാൾ, ഫോറസ്റ്റ് കൺസർവേറ്റർ ഡി.കെ. വിനോദ് കുമാർ, സി.സി.എഫ് ആർ.എസ്. അരുൺ, സി.സി.എഫ് കെ. വിജയാനന്ദൻ, സി.സി.എഫ് (സെൻട്രൽ സർക്കിൾ) ഡോ. ആടലരസൻ തുടങ്ങിയവർ പങ്കെടുത്തു.