വെടിക്കെട്ട് പുരയില്‍ ഉഗ്രസ്‌ഫോടനം: ഒരു മരണം, രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

Share our post

കൊച്ചി: തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിന് സമീപം ചൂരക്കാട് പടക്കക്കടയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ ഒരാൾ മരിച്ചു. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണു ആണ് മരിച്ചത്. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. കുട്ടികളടക്കം പത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സ്‌ഫോടനം. കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റതായും രണ്ടു വാഹനങ്ങൾ കത്തിനശിച്ചതായും റിപ്പോർട്ടുണ്ട്.

പുതിയകാവ് ക്ഷേത്രോത്സവത്തിനായി എത്തിച്ച പടക്കത്തിന് തീപിടിച്ചാണ് സ്ഫോടനം ഉണ്ടായത്. പാലക്കാട് നിന്ന് കൊണ്ടുവന്ന പടക്കം ടെമ്പോ ട്രാവലറിൽനിന്ന് ഇറക്കി അടുത്തുള്ള കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്.

ടെമ്പോ ട്രാവലർ പൂർണമായും കത്തി നശിച്ചു. സമീപത്തുണ്ടായിരുന്ന കാറും കത്തി നശിച്ചിട്ടുണ്ട്. ടെമ്പോ ട്രാവലർ ജീവനക്കാരായ മൂന്ന് പേർക്കാണ് ഗുരുതര പരിക്കേറ്റത്. പരിക്കേറ്റവരെ എറണാകുളം ജനറൽ ആശുപത്രി, കളമശ്ശേരി മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

സ്ഫോടനാവശിഷ്ട‌ങ്ങൾ 400 മീറ്റർവരെ അകലേക്ക് തെറിച്ചുവീണു. സ്ഫോടനത്തിൻ്റെ അവശിഷ്ട‌ങ്ങൾ സമീപത്തെ വീടുകളിലേക്കും പതിച്ചിട്ടുണ്ട്. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ ഇരുപതോളം വീടുകൾക്ക് കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. വീടുകളുടെ മേൽക്കൂരകളടക്കം തകർന്നിട്ടുണ്ട്. സമീപത്തെ കടകളിലേക്കും തീ പടർന്നിരുന്നു. ആറുയൂണിറ്റ് ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് തീ പടരുന്നത് നിയന്ത്രണവിധേയമാക്കിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!