വന്യജീവികളെ തടയാൻ എ.ഐ വഴിയുമായി എൻജിനിയറിങ് വിദ്യാർഥികൾ

കാസർകോട്: നിർമിതബുദ്ധിയുടെ സഹായത്തോടെ മനുഷ്യ-വന്യജീവി സംഘർഷങ്ങൾ കുറക്കാനുള്ള പദ്ധതിയുമായി കാസർകോട് എൽ.ബി.എസ് എൻജിനിയറിങ് കോളേജ് വിദ്യാർഥികൾ ശാസ്ത്ര കോൺഗ്രസ് വേദിയിൽ.
പാസീവ് ഇൻഫ്രാറെഡ് സെൻസറും നിർമിത ബുദ്ധിയും ചേർന്ന് പ്രവർത്തിക്കുന്ന സംവിധാനമാണ് വിദ്യാർഥികൾ തയ്യാറാക്കിയത്. വിദ്യാർഥികളായ ജേക്കബ് ജോർജ്, കെ.ബി. പ്രതീക് റാവു, നിധീഷ് നായിക്, വി.എസ്. അക്ഷയ് എന്നിവരാണ് പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ചത്.
വന്യജീവികൾ മുന്നിലെത്തിയാൽ സെൻസർ പ്രവർത്തിക്കും, ക്യാമറകൾ ഉണരും. നിർമിത ബുദ്ധിയുടെ സഹായത്തോടെ നിമിഷങ്ങൾക്ക് ഉള്ളിൽ മൃഗത്തെ തിരിച്ചറിയും. ഉടൻ യന്ത്രങ്ങൾ ഉയർന്ന ശബ്ദവും വെളിച്ചവും പുറപ്പെടുവിക്കും. ക്യാമറക്ക് മുന്നിലെത്തിയ മൃഗത്തിന്റെ ശത്രു ജീവികളുടെ ശബ്ദവും അതിൽ ചേർക്കും. തുടർന്ന് കർഷകർ, അധികൃതർ തുടങ്ങിയവരുടെ ഫോണിലേക്ക് സന്ദേശമെത്തും.
കർഷകരും നാട്ടുകാരും നേരിടുന്ന പ്രതിസന്ധി മാധ്യമങ്ങളിലൂടെ കണ്ടറിഞ്ഞതിനാലാണ് ഇത്തരം ഒരു പ്രോജക്ടുമായി മുന്നോട്ട് വന്നതെന്ന് വിദ്യാർഥികൾ പറയുന്നു. പ്രോജക്ടിന്റെ ചെറുരൂപമാണ് തയ്യാറാക്കിയത്. പഠനം കഴിഞ്ഞാൽ പ്രോജക്ടുമായി മുന്നോട്ട് പോകുകയാണ് ലക്ഷ്യമെന്ന് വിദ്യാർഥികൾ പറഞ്ഞു.