മുഴക്കുന്നിൽ ജൈവ വൈവിധ്യ സർവേ തുടങ്ങി

Share our post

കാക്കയങ്ങാട് : നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ പദ്ധതിയിൽ മുഴക്കുന്ന് പഞ്ചായത്തിൽ ജൈവ വൈവിധ്യ ഡിജിറ്റൽ രജിസ്റ്റർ തയ്യാറാക്കുന്നതിനുള്ള സർവേ തുടങ്ങി.പഞ്ചായത്തിന്റെ അധീനതയിലുള്ള 136 ഏക്കർ സ്വാഭാവിക പച്ചത്തുരുത്തിലെ
മരങ്ങൾ, ചെടികൾ,വള്ളികൾ എന്നിവ സർവേ ചെയ്യുന്ന പ്രവൃത്തികളാണ് തുടങ്ങിയത്.

ചാക്കാട് മുരിങ്ങൂറിലെ പുഴയോരത്ത് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ്‌ കുര്യൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ദു അധ്യക്ഷത വഹിച്ചു. ജൈവ വൈവിധ്യ വിദഗ്ദൻ വി.സി. ബാലകൃഷ്ണൻ പദ്ധതി വിശദീകരിച്ചു.

നാല് വാർഡുകളിലായി മലയോര ഹൈവേയോട് ചേർന്നും ബാവലി,പാലപ്പുഴ എന്നിവക്ക് ഇടയിലുമായി കണിച്ചാർ പഞ്ചായത്ത് അതിർത്തി മുതൽ ഇരിട്ടി നഗരസഭ അതിർത്തിവരെയുള്ള 136 ഏക്കറിലാണ് സർവേ നടത്തുക. പച്ചത്തുരുത്തിലെ സ്വാഭാവികമായി വളരുന്ന മുഴുവൻ ജൈവ വൈവിധ്യങ്ങളുടെയും കണക്കുകൾ ശേഖരിക്കും.ഇവയുടെ എണ്ണം,ഇനം, ശാസ്ത്രീയ നാമം ഉൾപ്പെടെ ഡിജിറ്റലായി സൂക്ഷിക്കും. കൂടാതെ മലയോര ഹൈവേക്ക് അരികിൽ സോളാർ ബോർഡുകൾ സ്ഥാപിച്ച് ഇവിടെയുള്ള ജൈവ വൈവിധ്യങ്ങൾ ഏതൊക്കെയെന്ന് കണ്ടെത്തും.അവയുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും പൊതുജനങ്ങൾക്ക് ആൻഡ്രോയിഡ് ഫോൺ ഉപയോഗിച്ച് സ്കാൻ ചെയ്തു ലഭ്യമാവുന്ന ക്യു ആർ കോഡുകളും സ്ഥാപിക്കും.

അപൂർവമായ തൈകൾ തുരുത്തിൽ എവിടെയാണെന്ന് അറിയാൻ ജി.പി.എസ് വഴി മൊബൈലിലൂടെ അറിയാൻ കഴിയുന്ന സംവിധാനവും ഏർപ്പെടുത്തും.നെറ്റ് സീറോ കാർബൺ കേരളം പദ്ധതിയിൽ ജില്ലയിൽ ആദ്യ ഘട്ടത്തിൽ ഉൾപ്പെട്ട ഏഴ് പഞ്ചായത്തുകളിൽ ഒന്നാണ് മുഴക്കുന്ന്.ഹരിതകേരള മിഷന്റെയും ബി.എം. സിയുടെയും എടത്തൊട്ടി ഡീപ്പോൾ കോളേജ് ഗ്രീൻ ബ്രിഗേർഡിന്റെയും സഹായത്തിലാണ് രണ്ടാഴ്ചകൊണ്ട് കണക്കെടുപ്പ് നടത്തുക.

വൈസ് പ്രസിഡന്റ് വി.വി. വിനോദ്, സ്ഥിര സമിതി അധ്യക്ഷരായ എ.വനജ,സി.കെ. ചന്ദ്രൻ,കെ.വി.ബിന്ദു, പഞ്ചായത്ത് അംഗങ്ങളായ കെ. വി. റഷീദ്,ഷഫീന മുഹമ്മദ്‌, ധന്യ രാഗേഷ്,അസി. സെക്രട്ടറി ബാലകൃഷ്ണൻ കല്യാടൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ. വത്സൻ, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ,എൻ. ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!