പൊതു തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കും’; അമിത് ഷാ

ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആരുടെയും പൗരത്വം തട്ടിയെടുക്കാൻ വേണ്ടിയുള്ളതല്ല CAA. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയവർക്ക് പൗരത്വം നൽകാനാണ് സി.എ.എ ലക്ഷ്യമിടുന്നത്. യൂണിഫോം സിവിൽ കോഡ് രാജ്യത്തിൻ്റെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഉൾപ്പെടെയുള്ളവർ ഒപ്പിട്ട ഭരണഘടനാ അജണ്ടയാണെന്നും ഷാ.
ഗ്ലോബൽ ബിസിനസ് സമ്മിറ്റ് 2024-ൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ ആർക്കും സംശയം വേണ്ട. ബി.ജെ.പി വൻ ജയം നേടും. ബി.ജെ.പിക്ക് 370 സീറ്റും എൻ.ഡി.എയ്ക്ക് 400 സീറ്റും ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തുടർച്ചയായി മൂന്നാം തവണയും സർക്കാർ രൂപീകരിക്കുമെന്നും ഷാ പറഞ്ഞു.
വീണ്ടും പ്രതിപക്ഷ ബഞ്ചിൽ ഇരിക്കേണ്ടി വരുമെന്ന് കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും തിരിച്ചറിഞ്ഞു കഴിഞ്ഞു. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 നമ്മൾ റദ്ദാക്കി. രാജ്യത്തെ ജനങ്ങൾ ബി.ജെ.പിയെ 370 സീറ്റുകളും എൻ.ഡി.എയെ 400ൽ അധികം സീറ്റുകളും നൽകി അനുഗ്രഹിക്കുമെന്ന് നമുക്ക് വിശ്വാസമുണ്ട് – ഷാ കൂട്ടിച്ചേർത്തു.
ജയന്ത് ചൗധരിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക്ദൾ (ആർഎൽഡി), ശിരോമണി അകാലിദൾ (എസ്എഡി), മറ്റ് ചില പ്രാദേശിക പാർട്ടികൾ എന്നിവ എൻ.ഡി.എയിൽ ചേരാനുള്ള സാധ്യതയെക്കുറിച്ചും ഷാ പ്രതികരിച്ചു. ഒരു ‘കുടുംബം’ എന്ന കാഴ്ചപ്പാടാണ് ബി.ജെ.പിക്ക് ഉള്ളതെന്നായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം. 2024ലെ തെരഞ്ഞെടുപ്പ് എൻഡിഎയും ഇന്ത്യാ പാർട്ടിയും തമ്മിലുള്ള പോരാട്ടമല്ല, മറിച്ച് വികസനവും അതിനെ ഒരുമിച്ച് എതിർക്കുന്നവരും തമ്മിലുള്ള പോരാട്ടമാണെന്നും ഷാ പറഞ്ഞു.