മഞ്ഞയും ചുവപ്പും മാത്രമല്ല; ഫുട്‌ബോളിൽ ഇനി നീല കാര്‍ഡും

Share our post

ഫുട്‌ബോളില്‍ മഞ്ഞക്കാര്‍ഡും ചുവപ്പ് കാര്‍ഡുമാണ് നമ്മള്‍ കേട്ട് പരിചയിച്ചത്. അച്ചടക്ക ലംഘനങ്ങള്‍ നടത്തുന്ന കളിക്കാര്‍ക്കും ഒഫീഷ്യലുകള്‍ക്കുമെതിരെയാണ് റഫറിമാര്‍ ഈ കാര്‍ഡുകള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ ഇത് രണ്ടുമല്ലാത്ത പുതിയൊരു കാര്‍ഡ് കൂടി ഫിഫ അവതരിപ്പിക്കുന്നു.

മത്സരത്തിനിടെ തീര്‍ത്തും അനാവശ്യമായ ഫൗളുകള്‍ ചെയ്യുകയും റഫറി, ലൈന്‍സ്മാന്‍, ഒഫീഷ്യല്‍സ് എന്നിവരോട് അപമര്യാദയായി പെരുമാറുകയും ചെയ്യുന്ന കളിക്കാര്‍ക്കായിരിക്കും നീല കാര്‍ഡ് ലഭിക്കുക. ഗോളിലേക്കുള്ള മുന്നേറ്റം തടയാന്‍ നടത്തുന്ന അനാവശ്യ ഫൗളുകള്‍ക്കം നീല കാര്‍ഡ് ലഭിക്കും. നീലകാര്‍ഡ് ലഭിക്കുന്ന കളിക്കാര്‍ പത്ത് മിനിറ്റ് കളിക്കളത്തില്‍ നിന്ന് പുറത്തിരിക്കണം. പത്ത് മിനിറ്റ് പുറത്തിരുന്നതിന് ശേഷം തിരിച്ചെത്തുന്ന കളിക്കാരന്‍ അതേ മത്സരത്തില്‍ പിന്നീട് ഒരു നീലക്കാര്‍ഡ് കൂടി വാങ്ങിയാല്‍ ചുവപ്പ് കാര്‍ഡ് ലഭിക്കും. ഇതോടെ ഗ്രൗണ്ട് വിടുകയും വേണം.

നീല കാര്‍ഡ് ലഭിച്ച കളിക്കാരന് അതേ മത്സരത്തില്‍ യെല്ലോ ലഭിച്ചാലും ചുവപ്പ് കാര്‍ഡിന്റെ സ്റ്റാറ്റസ് ആയിരിക്കും. മഞ്ഞക്കും ചുവപ്പിനും ഇടയിലായിരിക്കും നീല കാര്‍ഡിന്റെ സ്ഥാനം. ഔദ്യോഗിക പ്രഖ്യാപനം വന്നാല്‍ മാത്രമെ കൂടുതല്‍ വിശദാംശങ്ങള്‍ അറിയൂ. പരീക്ഷണ അടിസ്ഥാനത്തില്‍ മാത്രമാകും നീല കാര്‍ഡ് ഉപയോഗിക്കുക.

ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് പരീക്ഷണ അടിസ്ഥാനത്തില്‍ നീല കാര്‍ഡ് ഉപയോഗിക്കാന്‍ ഒരുങ്ങുകയാണെന്നും ഇക്കാര്യത്തില്‍ ഉടൻ ഔദ്യോഗിക പ്രഖ്യാപനം വരുമെന്നും റിപ്പോര്‍ട്ട്‌ ചെയ്തു. 1970-ലെ ലോകകപ്പിലാണ് ആദ്യമായി മഞ്ഞയും ചുവപ്പും നിറത്തിലുള്ള കാര്‍ഡുകള്‍ അവതരിപ്പിച്ചത്. അന്നു തൊട്ട് ഇന്നോളം ഗ്രൗണ്ടിലെ അച്ചടക്ക നടപടിക്കുള്ള ഏക ആയുധം രണ്ട് കാര്‍ഡുകളായിരുന്നു. ഇവര്‍ക്കൊപ്പം നീലയും ചേരുന്നതോടെ മത്സര നടത്തിപ്പ് കൂടുതല്‍ സുഖകരമാകുമെന്നാണ് ഫുട്ബോൾ പ്രേമികൾ കരുതുന്നത്. അതേസമയം, പ്രധാന ലീഗുകളിലൊന്നും നീല കാര്‍ഡ് പരീക്ഷണ അടിസ്ഥാനത്തില്‍ ഉപയോഗിക്കില്ലെന്നാണ് സൂചന.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!