200 കുടുംബങ്ങള്‍ക്ക് വീടൊരുക്കിയ അധ്യാപിക; സിസ്റ്റര്‍ ലിസി പടിയിറങ്ങുന്നു

Share our post

തോപ്പുംപടി: പാവങ്ങള്‍ക്കായി 200 വീടുകള്‍ നിര്‍മിച്ച് കൈമാറിയ സ്‌കൂള്‍ അധ്യാപിക സിസ്റ്റര്‍ ലിസി ചക്കാലക്കല്‍ വിദ്യാലയത്തിന്റെ പടിയിറങ്ങുന്നു. തോപ്പുംപടി ഔവര്‍ ലേഡീസ് കോണ്‍വെന്റ് ഹൈസ്‌കൂളിലെ അധ്യാപികയായ സിസ്റ്റര്‍ ലിസി 12 വര്‍ഷം മുന്‍പാണ് സ്‌കൂളിലെ ഒരു വിദ്യാര്‍ഥിക്കായി ആദ്യ വീട് നിര്‍മിച്ചത്.

വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, നാട്ടുകാര്‍ തുടങ്ങി എല്ലാവരുടെയും സഹായത്തോടെയായിരുന്നു വീട് നിര്‍മാണം. അത് വന്‍വിജയമായതോടെ ഇതാണ് തന്റെ നിയോഗമെന്ന് സിസ്റ്റര്‍ തിരിച്ചറിഞ്ഞു. അതിനിടെ സിസ്റ്റര്‍ സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രിന്‍സിപ്പലുമായി.

സ്‌കൂളില്‍ തിരക്കോട് തിരക്ക്. വൈകീട്ട് പുറത്തിറങ്ങിയാല്‍ നേരേ പോകുന്നത് ഏതെങ്കിലും വീട് നിര്‍മാണസ്ഥലത്തേക്ക്. സഹാധ്യാപികയായ ലില്ലി പോളും സിസ്റ്ററോടൊപ്പം ചേര്‍ന്നതോടെ അത് വിജയത്തിന്റെ കൂട്ടുകെട്ടായി മാറി.

ഒരു വീട് പണിയുക എന്നത് തന്നെ എടുക്കാനാവാത്ത ഭാരമായ കാലത്ത്, ഒരു വര്‍ഷം കുറഞ്ഞത് 17 വീടുവരെ സിസ്റ്ററുടെ നേതൃത്വത്തില്‍ നിര്‍മിച്ചു. പണിതതെല്ലാം മനോഹരമായ വീടുകളായിരുന്നു. അഞ്ച് ലക്ഷം മുതല്‍ ഏഴ് ലക്ഷം രൂപ വരെയായിരുന്നു ചെലവ് .

‘പണം വാരിയെറിഞ്ഞ് ഒന്നും പണിതില്ല. അതിനുള്ള പണം കൈയിലില്ലായിരുന്നു. എന്നാല്‍, സുമനസ്സുകളെല്ലാവരും ചേര്‍ന്നപ്പോള്‍ ഓരോരോ വീടുകളായി’- സിസ്റ്റര്‍ പറയുന്നു. നിര്‍മാണ സാമഗ്രികളെല്ലാം ജനങ്ങള്‍ തന്നെ നല്‍കുന്നതാണ്.

വൈപ്പിനില്‍ ഒരു കുടുംബം 72 സെന്റ് സിസ്റ്ററിന് സൗജന്യമായി കൈമാറി. അവിടെയും വീടുകള്‍ നിര്‍മിച്ചു. ആരക്കുന്നത്ത് ഒരാള്‍ 20 സെന്റ് നല്‍കിയിടത്തും വീടുകളുയര്‍ന്നു. ഇപ്പോള്‍ പട്ടിമറ്റത്ത് സൗജന്യമായി ലഭിച്ച ഒരേക്കറില്‍ ഭിന്നശേഷിക്കാര്‍ക്കായി വീടുകളൊരുക്കുകയാണ്. 200-ാമത്തെ വീടിന്റെ പണി പുരോഗമിക്കുന്നു. അടുത്ത ആഴ്ച ആ വീട് കൈമാറും. ശനിയാഴ്ച സിസ്റ്റര്‍ക്ക് സ്‌കൂളില്‍ ഔദ്യോഗിക യാത്രയയപ്പാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!