പേ.ടി.എം: വ്യവസ്ഥകള്‍ പാലിക്കാന്‍ മതിയായ സമയം നല്‍കിയിട്ടുണ്ടെന്ന് ആര്‍.ബി.ഐ

Share our post

വ്യവസ്ഥകള്‍ പാലിക്കാന്‍ പേ.ടി.എമ്മിന് മതിയായ സമയം നല്‍കിയിട്ടുണ്ടെന്ന് പണവായ്പാ നയ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനിടെ ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.

വ്യവസ്ഥകള്‍ തുടര്‍ച്ചയായി ലംഘിച്ചതിനാലാണ് പേ.ടി.എം പേയ്‌മെന്റ് ബാങ്കിനെതിരെ നടപടിയെടുത്തതെന്ന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ജെ. സ്വാമിനാഥന്‍ വ്യക്തമാക്കി. നേരത്തെതന്നെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യമായ സമയം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

വ്യവസ്ഥകള്‍ പാലിക്കുന്നതിന് അവരെ പ്രേരിപ്പിക്കുന്നതിലാണ് ആര്‍.ബി.ഐയുടെ ശ്രദ്ധയെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. മുന്നറിയിപ്പ് നല്‍കിയിട്ടും അത് പാലിക്കാതിരുന്നാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നിക്ഷേപകര്‍ക്കാണ് മുന്‍ഗണന. സാമ്പത്തിക സ്ഥിരതയിലാണ് പ്രധാന ശ്രദ്ധയെന്നും ആര്‍.ബി.ഐ ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി 29 മുതലാണ് പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

രണ്ട് ദിവസത്തെ തകര്‍ച്ചക്കുശേഷം കഴിഞ്ഞ ദിവസം പേ.ടി.എമ്മിന്റെ ഓഹരി വിലയില്‍ മുന്നേറ്റമുണ്ടായിരുന്നു. വ്യാഴാഴ്ചയാകട്ടെ ഓഹരി വിലയില്‍ എട്ട് ശതമാനത്തോളം ഇടിവ് നേരിട്ടു.

പ്രതിസന്ധി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് പേ.ടി.എം സി.ഇ.ഒ വിജയ് ശേഖര്‍ ശര്‍മ ധനമന്ത്രി നിര്‍മല സീതാരാമനുമായും ആര്‍.ബി.ഐ ഉദ്യോഗസ്ഥരുമായും കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!